LiveTV

Live

Kerala

പള്ളിക്കലാര്‍ കര കവിഞ്ഞൊഴുകുന്നു; തീരത്തെ 28 കുടുംബങ്ങള്‍ ക്യാമ്പിലേക്ക് മാറി

ശൂരനാട് പടിഞ്ഞാറ്റുമുറിയില്‍ പള്ളിക്കലാറിന് തീരത്തുള്ള വീടുകളിലാണ് വെള്ളം കയറിയത്

പള്ളിക്കലാര്‍ കര കവിഞ്ഞൊഴുകുന്നു; തീരത്തെ 28 കുടുംബങ്ങള്‍ ക്യാമ്പിലേക്ക് മാറി

കൊല്ലത്ത് പള്ളിക്കലാര്‍ കര കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് തീരത്തെ ഇരുപത്തെട്ട് കുടുംബങ്ങളെ ദുരിതാശ്വാസ കാമ്പിലേക്ക് മാറ്റി. ശൂരനാട് പടിഞ്ഞാറ്റുമുറിയില്‍ പള്ളിക്കലാറിന് തീരത്തുള്ള വീടുകളിലാണ് വെള്ളം കയറിയത്. ഇന്നലെ ഉച്ചയോടെ കൊല്ലത്ത് മഴ ശക്തമായതിനെത്തുടര്‍ന്ന് നദിയില്‍ ജലനിരപ്പുയരുകയായിരുന്നു.

സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടര്‍ന്നപ്പോള്‍ കൊല്ലത്ത് മാത്രം ശക്തമായ മഴയുണ്ടായിരുന്നില്ല. നാശനഷ്ടങ്ങള്‍ കുറവായിരുന്നതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളും തുടങ്ങിയിരുന്നില്ല. എന്നാല്‍ ഇന്നലെ ഉച്ചക്ക് പെയ്ത മഴക്കുശേഷം പള്ളിക്കലാറില്‍ ക്രമാതീതമായി ജലനിരപ്പുയര്‍ന്നു. ഉച്ചയോടെ വീട്ടുമുറ്റത്തും വൈകിട്ടായപ്പോള്‍ വീടിനകത്തേക്കും വെള്ളം കയറിയതോടെ തീരത്തെ 28 കുടുംബങ്ങളെ ഒഴിപ്പിച്ചു. മണ്ണുവിള ജംഗ്ഷനിലെ അംഗനവാടിയില്‍ ആരംഭിച്ച ക്യാമ്പിലേക്ക് ഇവരെ മാറ്റി. തീരത്തിന്റെ മറ്റുപ്രദേശങ്ങളിലും വെള്ളം കയറിയതായി പ്രദേശവാസികള്‍ പറ‍ഞ്ഞു.

വരുംദിവസങ്ങളില്‍ മഴ ശക്തമായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലാഭരണകൂടം ജാഗ്രത തുടരുകയാണ്. ശക്തമായ തിരമാലക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും കടലില്‍ പോകുന്നതിന് വിലക്കുണ്ട്.