LiveTV

Live

Kerala

പ്രളയത്തിനിടെ ആദിവാസി കുട്ടികളെ കാണാതായ സംഭവത്തിന് പിന്നില്‍ റാഗിങ്

സംഭവത്തില്‍ എം.ആര്‍.എസ് സ്‌കൂളിലെ അധ്യാപകര്‍, വാര്‍ഡന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

പ്രളയത്തിനിടെ ആദിവാസി കുട്ടികളെ കാണാതായ സംഭവത്തിന് പിന്നില്‍ റാഗിങ്

മൂന്നാര്‍ റെസിഡെന്‍ഷ്യല്‍ സ്കൂളിലെ 23 ആദിവാസി വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് കാണാതായതിന് പിന്നില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്. സംഭവത്തില്‍ കൃത്യവിലോപം നടത്തിയ സ്കൂള്‍ വാര്‍ഡന്‍, അധ്യാപകര്‍ എന്നിവര്‍ക്കെതിരെ മൂന്നാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കാണാതായ വിദ്യാര്‍ഥികളെ പിന്നീട് വിവിധ ആദിവാസി കുടികളില്‍ നിന്നായി പൊലീസ് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ച അതിശക്തമായ മഴയുള്ളപ്പോഴാണ് പുലര്‍ച്ചെ അഞ്ച് മണി മുതല്‍ 23 ആദിവാസി വിദ്യാര്‍ഥികളെ കാണാതായത്. മൂന്നാര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ താമസിച്ചു പഠിക്കുന്ന ഇവരെ സീനിയര്‍ വിദ്യാര്‍ഥികള്‍ നിരന്തരം റാഗിങ് നടത്തിയതിനാലാണ് സ്കൂള്‍ വിട്ടുപോയതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. ഇവരെ ശനിയാഴ്ച തന്നെ ഇടമലക്കുടി, മാങ്കുളം, മറയൂര്‍ എന്നിവിടങ്ങളിലെ ആദിവാസി കുടികളില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വിദ്യാര്‍ഥികള്‍ സ്കൂള്‍ വിട്ട് പോകുമ്പോള്‍ വാച്ചര്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ സ്കൂളില്‍ ഉണ്ടായിരുന്നില്ല. ജോലിയില്‍ കൃത്യവിലോപത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സ്കൂള്‍ അധികൃതര്‍ക്കെതിരെ നേരെത്തയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അവധി ദിവസങ്ങളിലടക്കം വാച്ചര്‍മാരോ, വാര്‍ഡനോ, അധ്യാപകരോ ഹോസ്റ്റലില്‍ ഉണ്ടാകാറില്ലെന്നും വിദ്യാര്‍ഥികള്‍ പൊലീസിന് മൊഴി നല്‍കി. സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ് ഭയന്ന് മുമ്പും പലപ്പോഴും സ്കൂള്‍ വിട്ട് ആദിവാസി കുട്ടികള്‍ പുറത്തുപോയിരുന്നു.