LiveTV

Live

Kerala

പ്രളയക്കെടുതിയില്‍ കോടികളുടെ നഷ്ടം; 27,000 ഹെക്ടര്‍ ഭൂമിയിലെ കൃഷി നശിച്ചു, 800 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു

മഹാപ്രളയത്തിന്റെ മുറിവുകള്‍ ഉണങ്ങും മുന്‍പേ കേരളത്തിന് മറ്റൊരു ദുരന്തം കൂടി താങ്ങേണ്ടി വന്നു 

 പ്രളയക്കെടുതിയില്‍ കോടികളുടെ നഷ്ടം; 27,000 ഹെക്ടര്‍ ഭൂമിയിലെ കൃഷി നശിച്ചു, 800 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു

പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന് കോടികളുടെ നഷ്ടം. 27,000 ഹെക്ടര്‍ ഭൂമിയിലെ കൃഷി നശിച്ചു. 1200 കോടി രൂപയുടെ നാശനഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. 800 വീടുകള്‍ പൂര്‍ണ്ണമായും 8000ത്തോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു.

മഹാപ്രളയത്തിന്റെ മുറിവുകള്‍ ഉണങ്ങും മുന്‍പേ കേരളത്തിന് മറ്റൊരു ദുരന്തം കൂടി താങ്ങേണ്ടി വന്നു. തുള്ളി മുറിയാതെ പെയ്ത മഴയില്‍ ഇതുവരെ തകര്‍ന്നത് 838 വീടുകളാണ്. 8718 വീടുകള്‍ ഭാഗികമായും തകര്‍ന്നു. എത്ര കോടി രൂപയുടെ നഷ്ടമെന്ന് റവന്യൂ വകുപ്പ് കണക്കെടുത്തിട്ടില്ല. 27,792 ഹെക്ടര്‍ ഭൂമിയിലെ കൃഷി നഷിച്ചു. നഷ്ടം 1224.3 കോടി രൂപ. 81,548 കര്‍ഷകരെ പ്രളയം നേരിട്ട് ബാധിച്ചു. ചത്തുപോയ 719 വളര്‍ത്തു മൃഗങ്ങളില്‍ 116 എണ്ണം കന്നുകാലികളാണ്. 1306 തൊഴുത്തുകള്‍ തകര്‍ന്നു. ക്ഷീര മേഖലക്ക് നഷ്ടം 18.7 കോടി രൂപ. നിലവിലെ കണക്ക് പ്രകാരം 500 കിലോമീറ്ററിലധികം റോഡ് പൂര്‍ണ്ണമായി തകര്‍ന്നു. പാലങ്ങള്‍ക്കും കേടുപാടുണ്ടായി. എന്നാല്‍ വെള്ളം ഇറങ്ങിയ ശേഷമേ കൃത്യമായ കണക്കെടുക്കാന്‍ കഴിയൂ.

കുത്തിയൊലിച്ചുപോയ വെള്ളം കേടാക്കിയത് 236 കുടിവെള്ള പദ്ധതികളെയാണ്. 3,64,000 കണക്ഷനുകള്‍ വിച്ഛേദിക്കപ്പെട്ടു. 21,52,000 ഉപഭോക്താക്കളുടെ കുടിവെള്ളം മുട്ടി. തകര്‍ന്നുപോയ കെ.എസ്.ഇ.ബിയുടെ വിതരണ ശൃംഖല പുനഃസ്ഥാപിക്കാന്‍ വേണ്ടത് 143.56 കോടിയാണ്. മഴ മാറിയെന്ന് പറയാറായിട്ടില്ല. അതിനാല്‍ തന്നെ നഷ്ടത്തിന്റെ കണക്കും അവസാനിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയില്‍ ഉലയുന്ന സര്‍ക്കാരിന് മുന്നിലുള്ളത് കടുത്ത വെല്ലുവിളിയും.