LiveTV

Live

Kerala

ഷൊര്‍ണൂര്‍ - കോഴിക്കോട് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

ഫറോക്ക് പാലത്തില്‍ മരത്തടികള്‍ വന്ന് അടിഞ്ഞതായിരുന്നു പ്രധാന പ്രശ്നം.

ഷൊര്‍ണൂര്‍ - കോഴിക്കോട്  ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

മഴക്കെടുതിയെ തുടർന്ന് താറുമാറായ ഷൊർണ്ണൂർ - കോഴിക്കോട് റെയിൽപാതയിലെ ഗതാഗതം പുനസ്ഥാപിച്ചു. പാസഞ്ചർ വണ്ടികളാണ് ആദ്യം കടത്തി വിടുന്നത്. തിരുവനന്തപുരത്ത് നിന്ന് കോട്ടയം, ആലപ്പുഴ ഭാഗത്തേക്കുളള ട്രെയിൻ ഗതാഗതവും പുന:സ്ഥാപിച്ചു.

കനത്ത മഴയെ തുടർന്ന് ട്രാക്കിലുള്‍പ്പെടെ വെള്ളം നിറഞ്ഞതും മണ്ണിടിച്ചിലും കാരണം കോഴിക്കോട്-ഷൊർണ്ണൂർ റെയിൽ പാതയിൽ നാല് ദിവസത്തോളം ഗതാഗതം സ്തംഭിച്ചിരുന്നു. രണ്ട് ദിവസം നീണ്ട അറ്റകുറ്റപ്പണിക്ക് ശേഷം ഇന്ന് പാലത്തിൽ നടത്തിയ പരിശോധനക്ക് ശേഷമാണ് ഇതുവഴിയുളള ഗതാഗതം പുനസ്ഥാപിക്കാൻ തീരുമാനിച്ചത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെ മംഗലാപുരം - നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ് സ്‌പെഷ്യല്‍ പാസഞ്ചറായി കടത്തിവിട്ടു. മംഗലാപുരത്ത് നിന്നും മാവേലി, മലബാര്‍ എക്സ്പ്രസുകളും ഇന്ന് പുറപ്പെടും. എങ്കിലും ട്രെയിന്‍ ഗതാഗതം പൂര്‍ണമായി സാധാരണഗതിയിലാവാന്‍ രണ്ട് ദിവസമെടുക്കും. ഇത് വഴി ഇന്ന് പുറപ്പെടേണ്ടിയിരുന്ന 12 ട്രയിനുകൾ നേരത്തെ റദ്ദാക്കിയിരുന്നു. തൃശൂർ-കണ്ണൂർ, കോഴിക്കോട്-തൃശൂർ പാസഞ്ചറുകളും എറണാകുളം-കണ്ണൂർ ഇൻറർസിറ്റി, കണ്ണൂർ-ആലപ്പുഴ, മംഗളുരു-നാഗർകോവിൽ പരശുറാം എക്സ്പ്രസുകളും റദ്ദാക്കിയവയിൽ പെടുന്നു.

തിരുനെല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ്, എറണാകുളം-നിസാമുദ്ദീന്‍ തുരന്തോ എക്‌സ്പ്രസ് എറണാകുളം-പുണെ എക്സ്പ്രസ് എന്നിവയുടെ നാളത്തെ സർവീസും കൊച്ചുവേളി-അമൃത്സര്‍ എക്‌സ്പ്രസിൻറെ ബുധനാഴ്ചത്തെ സർവീസും റദ്ദാക്കിയിട്ടുണ്ട്. ഷൊര്‍ണൂര്‍- പാലക്കാട് റയില്‍വേ പാത ഗതാഗത യോഗ്യമായതോടെ തിരുവനന്തപുരത്ത് നിന്ന് ദീർഘദൂര ട്രെയിനുകൾ കഴിഞ്ഞ ദിവസം ഓടാനാരംഭിച്ചിരുന്നു.

കെ.എസ്.ആർ.ടി.സി സർവീസുകളും സാധാരണ നിലയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. എന്നാൽ ആലപ്പുഴ-ചങ്ങനാശ്ശേരി, നിലമ്പൂർ-മഞ്ചേരി റൂട്ടുകളിൽ ഇപ്പോഴും ഗതാഗത തടസ്സം തുടരുകയാണ്.