LiveTV

Live

Kerala

പുത്തുമലയില്‍ പഞ്ചായത്തിന്‍റെ പുനരധിവാസ പദ്ധതി; 10 വീട് നിര്‍മിച്ച് നല്‍കുമെന്ന് കോഴിക്കോട് സ്വദേശി

പൂര്‍ണമായും വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള പദ്ധതിയാണ് പഞ്ചായത്ത് മുന്നോട്ടുവെയ്ക്കുന്നത്.

പുത്തുമലയില്‍ പഞ്ചായത്തിന്‍റെ പുനരധിവാസ പദ്ധതി; 10 വീട് നിര്‍മിച്ച് നല്‍കുമെന്ന് കോഴിക്കോട് സ്വദേശി

നിനച്ചിരിക്കാതെ വന്നു പതിച്ച മഹാദുരന്തത്തിന്റെ ഇരകളായ വയനാട്ടിലെ പുത്തുമല പച്ചക്കാട് പ്രദേശവാസികളെ പുനരധിവസിപ്പിക്കാൻ മലയാളി സമൂഹം കൈകോർക്കുന്നു. മേപ്പാടി പഞ്ചായത്ത് പ്രസിഡൻറ് കഴിഞ്ഞ ദിവസം മീഡിയവണ്‍ വാർത്തയിൽ പുനരധിവാസത്തിനായി പിന്തുണ തേടിയതിനോട് മികച്ച പ്രതികരണമാണ് പ്രേക്ഷക സമൂഹം പ്രകടിപ്പിച്ചത്.

മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് സഅദ് കഴിഞ്ഞ ദിവസമാണ് പുത്തുമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ മീഡിയവണിലൂടെ സുമനസ്സുകളുടെ പിന്തുണ തേടിയത്. പ്രവാസികളുൾപ്പെടെ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് നല്ല പ്രതികരണം തന്നെ ഈ വാർത്തക്ക് ലഭിച്ചു. മേപ്പാടിക്കടുത്ത ചെമ്പോത്തറയിൽ 57 സെന്റ് ഭൂമി ആദ്യമേ ലഭിച്ചിരുന്നു. 10 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകാൻ കോഴിക്കോട് സ്വദേശി രംഗത്ത് വന്നതോടെ പുനരധിവാസത്തിന് പ്രതീക്ഷയേറി.

പുത്തുമലയിലും പച്ചക്കാടുമായി 63 വീടുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ഭാഗികമായി തകർന്ന ആറ് വീടുകളുടെ ശേഷിപ്പുകൾ മാത്രമേയുള്ളൂ. എല്ലാം നഷ്ടപ്പെട്ട ഈ കുടുംബങ്ങളെ മാന്യമായി പുനരധിവസിപ്പിക്കാൻ സുമനസ്സുകൾ മനസു വെച്ചാൽ 6 മാസം മതി.