LiveTV

Live

Kerala

‘’ഇതാണെന്റെ ലാഭം, എന്റെ പെരുന്നാളിങ്ങനെയാ...’’ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായം ചോദിച്ചെത്തിയവര്‍ക്ക് കടയിലെ വസ്ത്രങ്ങള്‍ വാരിക്കോരി നല്‍കി നൗഷാദ് 

സിനിമാ താരം രാജേഷ് ശര്‍മ്മയാണ് നൌഷാദിലെ നന്‍മയെ ഫേസ്ബുക്ക് ലൈവിലൂടെ ലോകത്തിന് കാണിച്ചു കൊടുത്തത് 

 ‘’ഇതാണെന്റെ ലാഭം, എന്റെ പെരുന്നാളിങ്ങനെയാ...’’ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായം ചോദിച്ചെത്തിയവര്‍ക്ക് കടയിലെ വസ്ത്രങ്ങള്‍ വാരിക്കോരി നല്‍കി നൗഷാദ് 

കേരളം വീണ്ടും പ്രളയ വെള്ളത്തില്‍ മുങ്ങിത്താഴുമ്പോള്‍ വെള്ളത്തെക്കാള്‍ കൂടുതല്‍ മനുഷ്യത്വം ഇപ്പോഴുമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് മാലിപ്പുറം സ്വദേശിയായ നൗഷാദ് എന്ന കച്ചവടക്കാരന്‍. ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായം ചോദിച്ച് എത്തിയവര്‍ക്ക് കടയിലെ വസ്ത്രങ്ങള്‍ ചാക്കുകളില്‍ വാരിക്കോരി നല്‍കിയിരിക്കുകയാണ്.

വില പോലും നോക്കാതെ വസ്ത്രങ്ങള്‍ ഏതെന്ന് പോലും നോക്കാതെ കടയിലെ വസ്ത്രങ്ങള്‍ ചാക്കുകളിലേക്ക് ഇടുന്ന നൗഷാദ് എന്ന വലിയ മനുഷ്യന്റെ ആകാശത്തോളം പോന്ന നന്‍മ കണ്ട് കേരളത്തിന്റെ കണ്ണ് നിറയുകയാണ്.

സിനിമാ താരം രാജേഷ് ശര്‍മ്മയാണ് നൗഷാദിലെ നന്‍മയെ ഫേസ്ബുക്ക് ലൈവിലൂടെ ലോകത്തിന് കാണിച്ചു കൊടുത്തത്. വയനാട്, നിലമ്പൂർ എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് വസ്ത്രം ശേഖരിക്കാൻ ഇറങ്ങിയവരോട് ഒന്നെന്റെ കടയിലേക്ക് വരാമോ എന്ന് ചോദിച്ചുകൊണ്ടെത്തിയ നൗഷാദ് അടച്ച കട തുറന്ന് സന്നദ്ധപ്രവര്‍ത്തകരുടെ മനസ് കൂടി നിറച്ചാണ് അവരെ യാത്രയാക്കിയത്.

ഇത് മതി നൗഷാദേ എന്ന് രാജേഷ് പറയുന്നുണ്ടെങ്കിലും '' നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ..’ നൗഷാദ് എന്ന മനുഷ്യൻ മലയാളികളോട് പറയുന്നതിങ്ങനെയാണ്. ‘ഇക്കൊല്ലം ആരുമൊന്നും കൊടുക്കുന്നില്ലത്രെ’ '' എന്നു പറഞ്ഞു കൊണ്ട് വസ്ത്രങ്ങള്‍ വാരിയിടുകയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വസ്ത്രങ്ങള്‍ നാല് ചാക്ക് നിറയെ ആണ് നൗഷാദ് നല്‍കിയത്. എറണാകുളം ബ്രോഡ്‍വേയിലാണ് നൌഷാദ് കച്ചവടം നടത്തുന്നത്.