LiveTV

Live

Kerala

ഇത്തവണയും രക്ഷകരായി കേരളത്തിന്റെ സ്വന്തം സൈന്യം

ഒരിടത്ത് വെള്ളം കുറഞ്ഞ് തുടങ്ങിയപ്പോള്‍ അവര്‍ മടങ്ങി. വീടുകളിലേക്കല്ല. അടുത്ത പ്രളയബാധിതപ്രദേശത്തേക്ക്.

ഇത്തവണയും രക്ഷകരായി കേരളത്തിന്റെ സ്വന്തം സൈന്യം

പ്രളയത്തില്‍ ഇത്തവണയും രക്ഷകരായത് കേരളത്തിന്റെ സ്വന്തം സൈന്യം. വെള്ളം കയറി വീടുകളില്‍ കുടുങ്ങിയവരെ ക്യാമ്പുകളിലെത്തിക്കാനും ക്യാമ്പുകളിലേക്ക് ഭക്ഷണം എത്തിക്കാനുമെല്ലാം അവര്‍ ഉത്സാഹിച്ചു. ഒരിടത്ത് കഴിഞ്ഞാല്‍ പിന്നെ അടുത്ത സ്ഥലത്തേക്കായിരുന്നു യാത്ര. കോഴിക്കോടായിരുന്നു ഇത്തവണ പ്രളയം വലിയ ദുരിതം വിതച്ചത്.

കഴിഞ്ഞ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധരായ മത്സ്യതൊഴിലാളികള്‍ക്ക് ഇത്തവണയും ജില്ലാഭരണകൂടത്തിന്റെ ഫോണ്‍കോളെത്തി. നിങ്ങളുടെ സഹായം വേണം. ഒട്ടേറെ പേര്‍ വെള്ളത്തില്‍ അകപ്പെട്ട് കിടക്കുന്നു. ആ വിളിക്ക് മുമ്പേ തന്നെ അവര്‍ ഇറങ്ങിയിരുന്നു ബോട്ടുകള്‍ ലോറിയില്‍ കയറ്റി പ്രളയബാധിതസ്ഥലത്തേക്ക്.

പിന്നെ ആര്‍ക്കും ഒന്നും പറയേണ്ടി വന്നില്ല. അവരിങ്ങനെ വെള്ളത്തില്‍ നടന്നും ബോട്ടില്‍ കയറിയും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി. ഒരിടത്ത് വെള്ളം കുറഞ്ഞ് തുടങ്ങിയപ്പോള്‍ അവര്‍ മടങ്ങി. വീടുകളിലേക്കല്ല. അടുത്ത പ്രളയബാധിതപ്രദേശത്തേക്ക്.

തിരികെ ഒത്തുപിടിച്ച് ബോട്ടുകള്‍ വീണ്ടും ലോറിയില്‍ കയറ്റി. ഒരു പ്രളയത്തിന് ശേഷം അധികൃതര്‍ അവഗണിച്ചവരാണ് ഈ പ്രളയകാലത്തും നമ്മുടെ രക്ഷകരായി വീണ്ടുമെത്തിയത്.