LiveTV

Live

Kerala

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം

പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച 6.5 ടൺ അവശ്യവസ്തുക്കളുമായി ആദ്യ സംഘം കോഴിക്കോട്ടേക്ക് തിരിച്ചു 

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച 6.5 ടൺ അവശ്യവസ്തുക്കളുമായി ആദ്യ സംഘം കോഴിക്കോട്ടേക്ക് തിരിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സ്വന്തം നിലയിലും അവശ്യസാധനങ്ങള്‍ ശേഖരിക്കുന്നുണ്ട്.

ആദ്യ ഘട്ടത്തിലെ ആലസ്യത്തിന് ശേഷം ജില്ലാ ഭരണകൂടം ഉണര്‍ന്നപ്പോള്‍ ഒറ്റ ദിവസം കൊണ്ട് ശേഖരിച്ചത് 6.5 ടണ്‍ അവശ്യവസ്തുക്കള്‍. ജില്ലാ കലക്ടറുടെ ഭാഗത്ത് നിന്നുള്ള തെറ്റായ സന്ദേശം വിവാദമായതിന് പിന്നാലെ എസ്.എം.വി സ്കൂളില്‍ കളക്ഷന്‍ സെന്റര്‍ തുടങ്ങി. പൊതുജനങ്ങള്‍ ആവേശപൂര്‍വ്വം സാധനങ്ങള്‍ എത്തിച്ചു. ഇന്ന് ശേഖരിച്ചവ ഇതിനകം തന്നെ ദുരിത ബാധിത മേഖലകളിലേക്ക് കയറ്റിവിട്ടു. വരും ദിവസങ്ങളിലും പരമാവധി വസ്തുക്കൾ ശേഖരിക്കും. ഇതിനകം തന്നെ നിരവധി ലോഡ് അവശ്യവസ്തുക്കള്‍ ശേഖരിച്ച് അയച്ച തിരുവനന്തപുരം കോര്‍പറേഷന്റെ മാതൃക പിന്‍പറ്റി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിഭവശേഖരണത്തിനായി കൈകോർക്കുന്നുണ്ട്.

ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടേയും നേതൃത്വത്തിൽ കളക്ഷൻ സെന്ററുകൾ തുറക്കും. പട്ടത്തെ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ ഇതിനകം കളക്ഷൻ സെന്റർ തുറന്നു. രാവിലെ 9 മുതൽ വൈകിട്ട് എട്ടു വരെ ഇവിടെ അവശ്യസാധനങ്ങള്‍ സ്വീകരിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ന് തദ്ദേശ സ്ഥാപനങ്ങളുടെ സംയുക്തയോഗം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിളിച്ചുചേര്‍ത്തിട്ടുണ്ട്.