LiveTV

Live

Kerala

ത്യാഗസ്മരണയില്‍ ഇന്ന് ബലി പെരുന്നാള്‍

പ്രളയബാധിതരെ സമ്പത്തു കൊണ്ടും സേവനം കൊണ്ടും സഹായിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് മതപണ്ഡിതര്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

ത്യാഗസ്മരണയില്‍ ഇന്ന് ബലി പെരുന്നാള്‍

ത്യാഗസ്മരണകളുണര്‍ത്തി ഇന്ന് ബലിപെരുന്നാള്‍. പ്രളയക്കെടുതികളുടെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ ആഘോഷങ്ങള്‍ മാറ്റി നിര്‍ത്തി ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പ്രളയബാധിതരെ സമ്പത്തു കൊണ്ടും സേവനം കൊണ്ടും സഹായിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് മതപണ്ഡിതര്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

ദൈവനിര്‍ദേശ പ്രകാരം മകനെ ബലിക്കല്ലില്‍ കിടത്തിയ പ്രവാചകന്‍ ഇബ്രാഹിമിന്റെയും കുടുംത്തിന്റെയും ത്യാഗസ്മരണയിലാണ് ബലിപ്പെരുന്നാള്‍. മഴക്കെടുതിയില്‍ ഈദാഘോഷത്തിന്റെ നിറം മങ്ങിയെങ്കിലും ത്യാഗത്തിന്റെ നിറങ്ങള്‍ക്ക് മാറ്റ് കൂടി. പെരുന്നാള്‍ പ്രസംഗങ്ങളില്‍ നിറഞ്ഞതും സാന്ത്വനവും സേവനവും പ്രകൃതി ദുരന്തത്തിന്റെ പാഠങ്ങളും.

ചാറ്റല്‍ മഴയിലാണ് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഈദ് നമസ്കാരം നടന്നത്. മഴ പൊതുവെ മാറി നിന്ന തെക്കന്‍ കേരളത്തില്‍ ഈദ് ഗാഹുകള്‍ സജീവമായിരുന്നു. കൊച്ചിയില്‍ വലിയ ഈദ് ഗാഹുകള്‍ ഒഴിവാക്കി പള്ളിയിലായിരുന്നു നിസ്കാരം. കലൂര്‍ ഹൈവേ ജുമാ മസ്ജിദില്‍ അബ്ദുല്‍ സമദ് ഫൈസി ഈദ് നമസ്കാരത്തിന് നേതൃത്വം നല്‍കി. പ്രളയക്കെടുതി രൂക്ഷമായ വടക്കന്‍ ജില്ലകളില്‍ പൊതുവെ ഈദ് ഗാഹുകള്‍ ഉണ്ടായിരുന്നില്ല. പള്ളികളില്‍ വെള്ളം കയറിയ ഇടങ്ങളില്‍ ബദല്‍ സൌകര്യങ്ങള്‍ ഒരുക്കി. കോഴിക്കോട് മാവൂര്‍ റോഡ് മര്‍ക്കസ് പള്ളിയില്‍ സലീം സഖാഫി കൈമ്പാലം നമസ്കാരത്തിന് നേതൃത്വം നല്‍കി.