LiveTV

Live

Kerala

ട്രെയിൻ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാനായില്ല  

ഷൊര്‍ണൂര്‍ - പാലക്കാട് റയില്‍വേ പാത ഗതാഗതയോഗ്യമായി.  എന്നാല്‍ കോഴിക്കോട് ഷൊര്‍ണൂര്‍ പാതയിലെ തടസം ഇപ്പോഴും മുഴുവനായി മാറ്റാനായിട്ടില്ല.

 ട്രെയിൻ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാനായില്ല  

മഴക്കെടുതിയിൽ താറുമാറായ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു. ഷൊര്‍ണൂര്‍- പാലക്കാട് റെയില്‍വേ പാത ഗതാഗത യോഗ്യമായി. കെ.എസ്.ആര്‍.ടി.സി സർവീസ് സാധാരണ നിലയിലേക്ക് മാറുന്നു.

അതേസമയം കോഴിക്കോട് ഷൊര്‍ണൂര്‍ റൂട്ടില്‍ റെയില്‍ ഗതാഗതം നാളെ പുനഃസ്ഥാപിച്ചേക്കും. ഫറൂക്ക് ബ്രിഡ്ജ് ഒഴികെയുള്ള എല്ലാ ലൈനും ക്ലിയര്‍ ആക്കി.

ഷൊര്‍ണൂര്‍ - പാലക്കാട് റയില്‍വേ പാത ഗതാഗതയോഗ്യമായതോടെ തിരുവനന്തപുരത്ത് നിന്ന് ദീർഘദൂര ട്രെയിനുകൾ ഓടാനാരംഭിച്ചു. തിരുവനന്തപുരം-ന്യൂഡെൽഹി കേരള എക്സ്പ്രസ് പുറപ്പെട്ടു. പാലക്കാട് വഴിയുള്ള ദീർഘദൂര ട്രെയിനുകളാണ് ഇപ്പോൾ ഓടിത്തുടങ്ങുക. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കണ്ണൂർ ഇന്റർസിറ്റി ഷൊര്‍ണൂര്‍ ഭാഗത്തേക്ക് ക്ലിയറന്‍സ് ലഭിച്ചില്ലെങ്കില്‍ വടക്കാഞ്ചേരിയില്‍ യാത്ര അവസാനിപ്പിക്കും. കോഴിക്കോട് പാത ശരിയാക്കുന്ന മുറക്ക് മറ്റ് ദീർഘദൂര ട്രെയിനുകളും ട്രാക്കിലിറക്കുമെന്ന് റെയിൽവേ അറിയിച്ചു.

കെ.എസ്.ആർ.ടി.സി സംസ്ഥാനത്തെല്ലാ സ്ഥലങ്ങളിലും സർവീസ് നടത്തി സാധാരണ നിലയിലേക്ക് മാറുകയാണ്. വയനാട്, ബത്തേരി, മാനന്തവാടി, നിലമ്പൂര്‍ മേഖലകളില്‍ സര്‍വീസ് സാധ്യമല്ലാത്ത നിലയാണ്. ഓരോ 15 മിനിറ്റ് ഇടവേളകളിലും കോട്ടയം വഴിയും ആലപ്പുഴ വഴിയും എറണാകുളം സൂപ്പർ ഫാസ്റ്റ് ബസ്സുകൾ കെ.എസ്.ആർ.ടി.സി സർവീസ് നടത്തിവരുന്നു.

ഓരോ മണിക്കൂർ ഇടവിട്ട് കോട്ടയം വഴിയും ആലപ്പുഴ വഴിയും എറണാകുളത്തേക്ക് ചിൽ ബസ്സുകൾ സർവ്വീസ് നടത്തിവരുന്നു. എന്നാൽ ആലപ്പുഴ - ചങ്ങനാശ്ശേരി ഭാഗത്ത് വെള്ളം മാറുന്നതിനനുസരിച്ച് കെ.എസ്.ആർ.ടി.സി സർവീസ് നടത്തും.