LiveTV

Live

Kerala

പുത്തുമലയില്‍ ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു, ഒരു മൃതദേഹം കൂടി കണ്ടെത്തി

മഴ മാറിനില്‍ക്കുന്ന സാഹചര്യമായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി.

പുത്തുമലയില്‍ ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു, ഒരു മൃതദേഹം കൂടി കണ്ടെത്തി

ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലയില്‍ കാണാതായവര്‍ക്കുള്ള ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. കാണാതായ റാണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. എട്ട് പേരെ കൂടി ഇനി കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക വിവരം.

ഇന്ന് മഴ മാറിനില്‍ക്കുന്ന സാഹചര്യമായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി. തെരച്ചിലിനായി എന്‍.ഡി.ആര്‍.എഫിന്റെ ഒരു സംഘം കൂടി സ്ഥലത്തെത്തി.

പുത്തുമലയില്‍ നാല് ദിവസം മുന്‍പ് കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. 8 പേരെ കൂടിയാണ് കണ്ടെത്താനുള്ളത് എന്നാണ് ഔദ്യോഗിക സ്ഥിരീകരണമെങ്കിലും കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. എന്‍.ഡി.ആര്‍.എഫിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

സൈന്യത്തിന്റെ മദ്രാസ് റെജിമെന്റില്‍ നിന്നുള്ള എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെട്ട 72 അംഗ സംഘം ജില്ലയിലെത്തിയിട്ടുണ്ട്. മേപ്പാടി മുതല്‍ പുത്തുമല വരെയുള്ള റോഡ് പൂര്‍ണമായും ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ്.

173 ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. 8473 കുടുംബങ്ങളിലെ 31726 ആളുകളാണ് ഉള്ളത്. ഇവിടേക്കുള്ള സേവനങ്ങളുമായി സന്നദ്ധ സംഘടനകളും ഉദ്യോഗസ്ഥരും രംഗത്തുണ്ട്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ റവന്യൂ ഓഫീസുകള്‍ വഴി കാമ്പുകളിലേക്കുള്ള അവശ്യ വസ്തുക്കള്‍ എത്തിക്കണമെന്ന് അദ്ദേഹം യോഗത്തില്‍ അഭ്യര്‍ഥിച്ചു.