LiveTV

Live

Kerala

കാസര്‍കോട് മഴ കുറഞ്ഞു

മഴ കനത്ത് പെയ്തതോടെ കാസര്‍കോട് ജില്ലയില്‍ ഈ അടുത്ത കാലത്തൊന്നുമില്ലാത്ത രീതിയിലാണ് കാലവര്‍ഷ കെടുതിയുണ്ടായത്.

കാസര്‍കോട് മഴ കുറഞ്ഞു

കാസര്‍കോട് ജില്ലയില്‍ മഴക്ക് ശമനം. നദികള്‍ കരകവിഞ്ഞതിനെ തുടര്‍ന്നു വെള്ളം കയറിയ പല പ്രദേശങ്ങളിലെയും വെള്ളം ഇറങ്ങി. വിവിധ പ്രദേശങ്ങളില്‍ ആളുകള്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങി. ജില്ലയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു.

മഴ കനത്ത് പെയ്തതോടെ കാസര്‍കോട് ജില്ലയില്‍ ഈ അടുത്ത കാലത്തൊന്നുമില്ലാത്ത രീതിയിലാണ് കാലവര്‍ഷ കെടുതിയുണ്ടായത്. ജില്ലയുടെ തെക്കന്‍ മേഖലകളിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്. ജില്ലയിലെ എല്ലാ നദികളും കരകവിഞ്ഞൊഴുകിയതോടെ പല പ്രദേശങ്ങളിലും വെള്ളം കയറി. ഹെക്ടര്‍ കണക്കിന് ഭൂമിയിലെ കൃഷിയും നശിച്ചു.

ജില്ലയിലിതുവരെ മഴക്കെടുതി മൂലം ഒരാളാണ് മരിച്ചത്. നീലേശ്വരം ചാത്തമതത്ത് സ്വദേശി അമ്പൂട്ടിയാണ് ഇന്നുച്ചയോടെ വെള്ളക്കെട്ടില്‍ വീണു മരിച്ചത്. മഴവിട്ടു നിന്നതോടെ വെള്ളം കയറിയ പല പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങി.

ചാത്തമത്ത്, പാലായി, കാര്യങ്കോട്, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങലിലുള്ളവരടക്കം ആളുകള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. നിലവില്‍ ജില്ലയില്‍ 31 ക്യാമ്പുകളിലായി 3000 ഓളം ആളുകളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കൂടുതല്‍ ആളുകള്‍ക്ക് അടുത്ത ദിവസങ്ങളില്‍ വീടുകളിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ മഴക്ക് ശമനമുണ്ടെങ്കിലും വീണ്ടും മഴയുണ്ടാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രതയാണ് ജില്ലാ ഭരണകൂടം തുടരുന്നത്.