LiveTV

Live

Kerala

മഴ കുറഞ്ഞു, കണ്ണൂരിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെളളം ഇറങ്ങി തുടങ്ങി

ജില്ലയെ ദുരിതക്കയത്തിലാഴ്ത്തിയ പേമാരിക്ക് ഇന്ന് രാവിലെയോടെയാണ് നേരിയ ശമനമായത്

മഴ കുറഞ്ഞു, കണ്ണൂരിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെളളം ഇറങ്ങി തുടങ്ങി

മഴയുടെ ശക്തി കുറഞ്ഞതോടെ കണ്ണൂര്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെളളം ഇറങ്ങി തുടങ്ങി. നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് വെളളം ഇറങ്ങിയ പ്രദേശത്തെ വീടുകള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തികള്‍ തുടരുകയാണ്. നാളെയോടെ ക്യാമ്പുകളില്‍ കഴിയുന്ന ഭൂരിഭാഗം പേര്‍ക്കും വീടുകളിലേക്ക് മടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പെരളശേരിയില്‍ വെളളക്കെട്ടില്‍ വീണ് ഇന്ന് ഒരാള്‍ മരിച്ചു.

ജില്ലയെ ദുരിതക്കയത്തിലാഴ്ത്തിയ പേമാരിക്ക് ഇന്ന് രാവിലെയോടെയാണ് നേരിയ ശമനമായത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളില്‍നിന്നും വെളളം ഇറങ്ങി തുടങ്ങി. ഇരിട്ടി കോളിത്തട്ട്, ഇരിക്കൂര്‍, പട്ടുവം, ഏഴോം, നാറാത്ത് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലേക്ക് ആളുകള്‍ തിരിച്ചെത്തി തുടങ്ങി. വെളളം കയറിയ വീടുകളും കിണറുകളും മറ്റും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് വൃത്തിയാക്കുന്ന പ്രവര്‍ത്തിയാണ് ഇപ്പോള്‍ നടക്കുന്നത്.

പെരളശേരി ബാവോട് ഇന്ന് ഒരാള്‍വെളളക്കെട്ടില്‍ വീണ് മരിച്ചു. കൊന്നേരി ഇഖ്ബാലാണ് മരിച്ചത്. വീടിനു മുന്നിലെ വയലില്‍ കാല്‍തെറ്റി വീണാണ് മരണം സംഭവിച്ചത്. ചെങ്ങളായി, ശ്രീകണ്ഠപുരം മേഖലകളിലെ വെളളക്കെട്ട് ഇപ്പോഴും തുടരുകയാണ്. ജില്ലയിലെ 128 ദുരിതാശ്വാസ ക്യാമ്പുകളിലായി നിലവില്‍ 13,516 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുളളത്. രണ്ട് ദിവസത്തിനുളളില്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും വീടുകളിലേക്ക് തിരിച്ച് പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.