LiveTV

Live

Kerala

നിലയ്ക്കാതെ പെരുമഴ; ദുരിതഭൂമിയായി കോഴിക്കോട് ജില്ലയിലെ മിക്കയിടങ്ങളും

ക്യാമ്പുകളില്‍ ആവശ്യമായ സാധനങ്ങള്‍ എത്തിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ഥന

 നിലയ്ക്കാതെ പെരുമഴ; ദുരിതഭൂമിയായി കോഴിക്കോട് ജില്ലയിലെ മിക്കയിടങ്ങളും

നിലയ്ക്കാതെ പെയ്ത മഴ. കുതിച്ചെത്തിയ മലവെള്ളം. മല പിളര്‍ന്ന് ഉരുള്‍പൊട്ടാല്‍. കോഴിക്കോട് ജില്ലയിലെ മിക്ക ഇടവും ദുരിതപൂര്‍ണം. വീട് തകര്‍ന്നും വെള്ളം കയറിയും ആയിരങ്ങള്‍ക്കാണ് വീട് വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നത്. ക്യാമ്പുകളില്‍ ആവശ്യമായ സാധനങ്ങള്‍ എത്തിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ഥന.

ജീവനെടുത്തും ജീവനോപാധികള്‍ ഇല്ലാതാക്കിയും പേമാരി മുന്‍പ് എങ്ങുമില്ലാത്ത വിധം തിമിര്‍ത്ത് പെയ്യുകയാണ്. ഇതോടെ ആയിരങ്ങള്‍ക്ക് വീട് വിട്ട് ഇറങ്ങേണ്ടിവന്നു. ഇവര്‍ക്കായി ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി ഇതുവരെ 218 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്യാമ്പില്‍ 7108 കുടുംബങ്ങളില്‍ നിന്നായി 24458 ലധികം ആളുകളാണ് കഴിയുന്നത്. ക്യാമ്പുകളില്‍ ആവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍ ജനകീയ പങ്കാളിത്തമുണ്ടാവണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ഇവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍ കലക്ടറേറ്റിലെ പ്ലാനിങ് ഹാളില്‍ കലക്ഷന്‍ കേന്ദ്രം ആരംഭിച്ചു.

പുല്‍പ്പായ, ബെഡ്ഷീറ്റുകള്‍, ലുങ്കി, നൈറ്റി, സാനിറ്ററി നാപ്കിന്‍സ്, അരി, പഞ്ചസാര, ചെറുപയര്‍, കടല, പരിപ്പ്, ബിസ്‌കറ്റ്/റസ്‌ക്, കുടി വെള്ളം, സോപ്പ്, പേസ്റ്റ്, ഡെറ്റോള്‍, ബ്ലീച്ചിംഗ് പൗഡര്‍, ഫസ്റ്റ് എയ്ഡ് കിറ്റ് തുടങ്ങിയ സാധനങ്ങളാണ് ക്യാമ്പുകളില്‍ ആവശ്യമുള്ളത്.

സന്നദ്ധ സംഘടനകള്‍ക്ക് കലക്ട്രേറ്റിലെ കളക്ഷന്‍ സെന്ററുകളിലും വിവിധ ക്യാമ്പുകളില്‍ ഒരുക്കിയ കളക്ഷന്‍‌ സെന്ററിലും സാധനങ്ങള്‍ എത്തിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2371002, 0495-2378810, 0495-2378820 എന്ന നമ്പറില്‍ ബന്ധപ്പെടാം.