LiveTV

Live

Kerala

പ്രളയം 43 ലക്ഷം ഉപഭോക്താക്കളെ ബാധിച്ചു; 133 കോടി നഷ്ടമെന്ന് കെ.എസ്.ഇ.ബി

നിലവില്‍ 11,836 ട്രാന്‍സ്‌ഫോര്‍മറുകളുടെ കീഴിലായി 21.63 ലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുണ്ട് എന്നാണ് കെ.എസ്.ഇ.ബി കണക്കാക്കുന്നത്.

പ്രളയം 43 ലക്ഷം ഉപഭോക്താക്കളെ ബാധിച്ചു; 133 കോടി നഷ്ടമെന്ന് കെ.എസ്.ഇ.ബി

കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി തുടര്‍ന്നുവരുന്ന കാറ്റിലും മഴയിലും 43.54 ലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസ്സം നേരിട്ടുവെന്ന് കെ.എസ്.ഇ.ബി. 23,863 വിതരണ ട്രാന്‍സ്‌ഫോര്‍മറുകളുടെ പ്രവര്‍ത്തനത്തെ പ്രളയം ബാധിച്ചു. 720 വിതരണ ട്രാന്‌സ്‌ഫോര്‍മറുകള്‍ക്കും 1,865 HT പോളുകള്‍ക്കും 10,163 LT പോളുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

1706 സ്ഥലങ്ങളില്‍ HT ലൈനും 45,264 സ്ഥലങ്ങളില്‍ LT ലൈനും പൊട്ടിവീണു. പ്രാഥമിക കണക്കുകള്‍ പ്രകാരം വിതരണ ശൃംഖല പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ 133.47 കോടി രൂപചിലവ് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്.

മഴവെള്ളം കൂടുതല്‍ പ്രദേശങ്ങളില്‍ വ്യാപിച്ചത് മൂലം പലസ്ഥലങ്ങളിലും സുരക്ഷാ കാരണങ്ങളാല്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ ഓഫ് ചെയ്തു വയ്‌ക്കേണ്ടി വന്നു. ഇത് കൂടുതല്‍ പേര്‍ക്ക് വൈദ്യുത തടസ്സം ഉണ്ടാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. എന്നാലും ജലവിതാനം താഴ്ന്ന മുറയ്ക്ക് ഈ ഭാഗങ്ങളില്‍ എല്ലാം വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചുവരുന്നു. നിലവില്‍ 11,836 ട്രാന്‍സ്‌ഫോര്‍മറുകളുടെ കീഴിലായി 21.63 ലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുണ്ട് എന്നാണ് കെ.എസ്.ഇ.ബി കണക്കാക്കുന്നത്.