LiveTV

Live

Kerala

റോഡ്, റെയില്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഊര്‍ജിതം

രാത്രിയിലെ അമൃത, രാജ്യറാണി എക്‌സ്പ്രസുകള്‍ കൃത്യസമയത്ത് തന്നെ പുറപ്പെടും. ഷൊര്‍ണൂര്‍ ഭാഗത്തേക്ക് ക്ലിയറന്‍സ് ലഭിച്ചില്ലെങ്കില്‍ വടക്കാഞ്ചേരിയില്‍ യാത്ര അവസാനിപ്പിക്കും.

റോഡ്, റെയില്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഊര്‍ജിതം

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും താറുമാറായ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഊര്‍ജിതം. കോഴിക്കോട് - ഷൊര്‍ണൂര്‍, പാലക്കാട് - ഷൊര്‍ണൂര്‍ റയില്‍വേ ലൈനുകള്‍ ഇനിയും ഗതാഗത യോഗ്യമായില്ല. തിരുവനന്തപുരത്ത് നിന്ന് വടക്കാഞ്ചേരി വരെയാണ് ട്രയിനുകള്‍ ഓടുന്നത്. യാത്രാ ക്ലേശം പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്.

ചാലിയാറിലെ ജലനിരപ്പ് അപകട നിലയില്‍ തന്നെ തുടരുന്നതിനാല്‍ കോഴിക്കോട് - ഷൊര്‍ണൂര്‍ ട്രാക്കിലൂടെ ഗതാഗതം പൂര്‍ണമായി റദ്ദാക്കിയ നിലയാണ്. പാലക്കാട്- ഷൊര്‍ണൂര്‍ ലൈനില്‍ ട്രാക്കിലെ മണ്ണ് മാറ്റിയെങ്കിലും പരിശോധന പൂര്‍ത്തിയാക്കിയ ശേഷമേ ഗതാഗതത്തിന് തുറന്നു നല്‍കൂ. ഈ മേഖലയില്‍ കോഴിക്കോട്- മംഗലപുരം റൂട്ടിലും ഷൊര്‍ണൂര്‍- നിലമ്പൂര്‍ റൂട്ടിലും പാസഞ്ചറുകള്‍ ഓടി.

വേണാട് എക്‌സ്പ്രസ് ഷൊര്‍ണൂര്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു. ആലപ്പുഴ ലൈന്‍ പുനഃസ്ഥാപിച്ചെയെങ്കിലും ഗതാഗതം സ്വാഭാവിക നിലയിലായിട്ടില്ല. തൃശൂര്‍, വടക്കാഞ്ചേരി വരെ യാത്രക്കാരുടെ തിരക്കനുസരിച്ച് സ്‌പെഷ്യല്‍ സര്‍വീസുകളാണ് നിലവില്‍ നടത്തുന്നത്. രാത്രിയിലെ അമൃത, രാജ്യറാണി എക്‌സ്പ്രസുകള്‍ കൃത്യസമയത്ത് തന്നെ പുറപ്പെടും. ഷൊര്‍ണൂര്‍ ഭാഗത്തേക്ക് ക്ലിയറന്‍സ് ലഭിച്ചില്ലെങ്കില്‍ വടക്കാഞ്ചേരിയില്‍ യാത്ര അവസാനിപ്പിക്കും.

കൊച്ചുവേളി - ബംഗലൂരു, ഗുരുവായൂര്‍ - എഗ്മോര്‍, ചെന്നൈ സ്‌പെഷ്യല്‍ ട്രെയിനുകള്‍ തിരുനല്‍വേലി വഴി തിരിച്ചുവിട്ടു. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ റൂട്ടുകളിലേക്ക് കെ.എസ്.ആര്‍.ടി.സി പരമാവധി സര്‍വീസ് നടത്തുന്നുണ്ട്. ബത്തേരി, മാനന്തവാടി, നിലമ്പൂര്‍ മേഖലകളില്‍ സര്‍വീസ് സാധ്യമല്ലാത്ത നിലയാണ്. പാലക്കാട് -കോയമ്പത്തൂര്‍- സേലം വഴി ബാംഗ്ലൂരിലേക്ക് മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ സര്‍വീസ് നടത്തി. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് പാലക്കാട്, കോഴിക്കോട് ഭാഗങ്ങളിലേക്ക് സ്‌കാനിയയും സൂപ്പര്‍ ഡീലക്‌സും സര്‍വീസ് നടത്തി.