LiveTV

Live

Kerala

അന്നത്തെ ആ രക്ഷകന്‍ ഇന്നും കര്‍മ്മനിരതനാണ്, വയനാട്ടില്‍...

മേപ്പാടിയിലെ ഉരുള്‍ പൊട്ടലില്‍ മണ്ണില്‍ പുതഞ്ഞു പോയവര്‍ക്കായുള്ള തെരച്ചിലിലാണ് കനയ്യ കുമാറിപ്പോള്‍

അന്നത്തെ ആ രക്ഷകന്‍ ഇന്നും കര്‍മ്മനിരതനാണ്, വയനാട്ടില്‍...

കഴിഞ്ഞ പ്രളയകാലത്ത് ഇടുക്കി ചെറുതോണി പാലത്തിലൂടെ പനി ബാധിച്ച കൊച്ചു കുഞ്ഞിനെ മാറോടണച്ച് കുതിക്കുന്ന രക്ഷാ പ്രവര്‍ത്തകന്‍റെ ചിത്രം ആരും മറന്നു കാണില്ല. ആ സംഭവം നടന്ന് കൃത്യം ഒരു വര്‍ഷം പിന്നിടുന്ന ദിവസവും വയനാട് മേപ്പാടിയില്‍ രക്ഷാ പ്രവര്‍ത്തനത്തിലാണ് അതേ രക്ഷാ പ്രവര്‍ത്തകന്‍. ദേശീയ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥനായ കനയ്യ കുമാറാണ് ആ താരം.

ചെറു തോണി പാലം കടന്ന് പ്രളയ ജലം കുതിച്ചെത്തുമ്പോള്‍ മറ്റൊന്നും ആലോചിക്കാതെ പനി ബാധിച്ച കുഞ്ഞുമായി പാഞ്ഞ കനയ്യകുമാര്‍, ഈ ഒരൊറ്റ ദൃശ്യം കൊണ്ട് മലയാളികളുടെ താരമായി മാറിയിരുന്നു ഈ എന്‍.ഡി.ആര്‍.എഫ് ഉദ്യോഗസ്ഥന്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 10നായിരുന്നു ഈ സംഭവം.

കൃത്യം ഒരു വര്‍ഷം പിന്നിടുന്ന ദിവസം വീണ്ടും ഞങ്ങള്‍ കനയ്യ കുമാറിനെ കണ്ടു. മേപ്പാടിയിലെ ഉരുള്‍ പൊട്ടലില്‍ മണ്ണില്‍ പുതഞ്ഞു പോയവര്‍ക്കായുള്ള തെരച്ചിലിലാണ് കനയ്യ കുമാറിപ്പോള്‍. ഈ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ ഇവരുടെ ക്യാമ്പിലും താരമാണ്.

ബീഹാര്‍ സ്വദേശിയായ കനയ്യ ഏഴു വര്‍ഷം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. മികച്ച ഡൈവര്‍ കൂടിയായ കനയ്യ പ്രളയം ബാധിച്ച പലയിടങ്ങളിലും നിരവധി പേരെ കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്. ക്യാമറക്കു മുമ്പില്‍ സംസാരിക്കാന്‍ തയ്യാറായില്ലെങ്കിലും ചെറുതോണിയിലെ അന്നത്തെ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാം ഡ്യൂട്ടിയുടെ ഭാഗമാണെന്നായിരുന്നു മറുപടി.