LiveTV

Live

Kerala

പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ മഴക്ക് ശമനമില്ല

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മീനച്ചിലാറ്റിലേക്ക് വെള്ളം എത്തിയതോടെ തിരുവാര്‍പ്പ്, അയ്മനം അടക്കമുള്ള താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി

പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ മഴക്ക് ശമനമില്ല

പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ മഴക്ക് ശമനമില്ല. അതേസമയം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിലവില്‍ ആശങ്കയില്ല. പമ്പ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അപ്പര്‍ കുട്ടനാടന്‍ മേഖലകളിലും ആലപ്പുഴ ചങ്ങനാശേരി റോഡിലും വെള്ളം കയറി. കോട്ടയം ജില്ലയില്‍ മഴ ശമനമില്ലാതെ തുടരുകയാണ്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മീനച്ചിലാറ്റിലേക്ക് വെള്ളം എത്തിയതോടെ തിരുവാര്‍പ്പ്, അയ്മനം അടക്കമുള്ള താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പ്രദേശവാസികളെ 70 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അതേസമയം മുണ്ടക്കയം ഭാഗത്ത് വെള്ളം ഇറങ്ങിയതിനാല്‍ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു. പത്തനംതിട്ടയില്‍ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ഇടവേളകളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. പമ്പ, അച്ചന്‍കോവില്‍, മണിമലയാര്‍ എന്നിവിടങ്ങളിലെ ജലനിരപ്പ് താഴ്ന്നിട്ടില്ല. ജലനിരപ്പ് 191 അടിയിലെത്തിയാല്‍ മൂഴിയാര്‍ അണക്കെട്ട് തുറക്കും. പമ്പയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ അപ്പര്‍ കുട്ടനാടിന്റെ ഭാഗമായ ചെങ്ങന്നൂര്‍ എടത്വ മേഖലകളില്‍ വെള്ളം കയറി. അമ്പലപ്പുഴ-തിരുവല്ല റോഡിലും എ.സി റോഡിലും ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു. 1408 പേര്‍ ജില്ലയില്‍ വിവിധ ക്യാമ്പുകളിലുണ്ട്. കൊല്ലം ജില്ലയില്‍ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്.

കുളത്തൂപ്പുഴയില്‍ ഒരു വീട് പൂര്‍ണമായും രണ്ട് വീടുകള്‍ ഭാഗീകമായും തകര്‍ന്നു. പുനലൂര്‍, അഞ്ചല്‍ മേഖലകളിലും വീടുകള്‍ക്ക് നാശനഷ്ടമുണ്ട്. പത്തനംതിട്ടയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന് വാടി കടപ്പുറത്ത് നിന്ന് മത്സ്യ തൊഴിലാളികള്‍ പുറപ്പെട്ടു. തൃശൂര്‍ ജില്ലയില്‍ മൂന്ന് മണിക്കൂര്‍ മഴ മാറിനിന്നെങ്കിലും പിന്നീട് പലമേഖലകളിലും ശക്തമായ മഴ പെയ്തു. ചാലക്കുടി പുഴയിലും ഭാരതപ്പുഴയിലും ജലനിരപ്പ് ഉയരുകയാണ്. ജില്ലയില്‍ ഇരുപതിനായിരത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.

ആലപ്പുഴ ജില്ലയിൽ മഴ കുറവാണനുഭവപ്പെട്ടതെങ്കിലും. പമ്പയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കുട്ടനാട്ടിൽ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. പമ്പയാറിന്റെ തീരപ്രദേശങ്ങളായ എടത്വ ചെങ്ങന്നൂർ പ്രദേശങ്ങളിലാണ് വീടുകളിലടക്കം വെള്ളം കയറിയത്. ആലപ്പുഴ ചെങ്ങനാശ്ശേരി റൂട്ടിലെ എ.സി റോഡിലും, അമ്പലപ്പുഴ തിരുവല്ല റൂട്ടിലും വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ജില്ലയിൽ ആകെ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 1408 ആളുകൾ ദുരിതാശ്വാസ ക്യാമ്പിലാണ്. 12 ദുരന്ത നിവാരണ സേനയും 15 സൈനികരുമടങ്ങുന്ന സംഘം ചെങ്ങന്നൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.