LiveTV

Live

Kerala

പാലക്കാട് ഉരുള്‍പൊട്ടല്‍; അട്ടപ്പാടിയില്‍ നാല് പാലങ്ങള്‍ ഒലിച്ചുപോയി

ഭാരതപ്പുഴ നിറഞ്ഞു കവിഞ്ഞതിനാല്‍ പട്ടാമ്പിപ്പാലം വെള്ളത്തിനടിയിലായി

പാലക്കാട് ഉരുള്‍പൊട്ടല്‍; അട്ടപ്പാടിയില്‍ നാല് പാലങ്ങള്‍ ഒലിച്ചുപോയി

പാലക്കാട് ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങള്‍ ഒറ്റപ്പെട്ടു. നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി. പട്ടാമ്പി പാലം പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പാലക്കാട് ജില്ലയിലെ പാലക്കാട്, ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി തുടങ്ങി പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിലായി.

പല പ്രദേശങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ ബോട്ടുപയോഗിച്ചാണ് രക്ഷപ്പെടുത്തുന്നത്. പലരേയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വിവിധ ക്യാമ്പുകളിലായി മൂവായിരത്തോളം ആളുകളാണ് ഇപ്പോഴുള്ളത്.

പാലക്കയം, മൂന്നേക്കര്‍, കാഞ്ഞിരപ്പുഴ, അട്ടപ്പാടി തുടങ്ങിയ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. പുഴകളില്‍ വലിയ രീതിയിലുള്ള മലവെള്ളപ്പാച്ചിലുണ്ടായി. ഭാരതപ്പുഴ നിറഞ്ഞു കവിഞ്ഞതിനാല്‍ പട്ടാമ്പിപ്പാലം വെള്ളത്തിനടിയിലായി. വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഷട്ടര്‍ ക്രെയിനുപയോഗിച്ച് ഉയര്‍ത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനമില്ലെന്ന് പാലക്കാട് എം.പി വി. കെ ശ്രീകണ്ഠന്‍ കുറ്റപ്പെടുത്തി.

കാഞ്ഞിരപ്പുഴ ശിരുവാണി ഡാമുകളില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടുന്നു. വാളയാര്‍ ഡാം തുറന്നു. അട്ടപ്പാടിയില്‍ പ്രാക്തന ഗോത്രവിഭാഗങ്ങള്‍ താമസിക്കുന്ന ഇടവാണിയിലേക്ക് ഇതുവരെ എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അട്ടപ്പാടിയില്‍ മാത്രം നാല് പാലങ്ങളാണ് ഒലിച്ചുപോയത്.