LiveTV

Live

Kerala

മഴക്കെടുതി; ഇന്ന് മാത്രം 40 മരണം സ്ഥിരീകരിച്ചു

വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിലാണ് മഴ കനത്ത‍ നാശ നഷ്ടങ്ങളുണ്ടാക്കിയത്

മഴക്കെടുതി; ഇന്ന് മാത്രം 40 മരണം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ രണ്ട് ദിവസങ്ങളിലായി 51 പേര്‍ മരിച്ചു. 40 പേരാണ് ഇന്ന് മാത്രം മരിച്ചത്. മലബാര്‍ മേഖല ഒറ്റപ്പെട്ടു. വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിലാണ് മഴ കനത്ത‍ നാശ നഷ്ടങ്ങളുണ്ടാക്കിയത്. വ്യോമ - റെയില്‍ - റോഡ് ഗതാഗതവും പലയിടങ്ങളിലും തടസപ്പെട്ടു.

മലപ്പുറം നിലമ്പൂര്‍ കവളപ്പാറയിലാണ് മഴക്കെടുതി ഏറ്റവും കനത്ത ആഘാതമുണ്ടാക്കിയത്. ഇവിടെ ഉരുള്‍പൊട്ടലില്‍ നാല്‍പതോളം വീടുകള്‍ ഒലിച്ചുപോയി. അമ്പതോളം പേരെ കാണാനില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. പത്ത് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

എടവണ്ണയില്‍ വീട് തകര്‍ന്ന് കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ഇന്നലെ രാത്രി ഉരുള്‍പൊട്ടലിലുണ്ടായ വയനാട് മേപ്പാടിയില്‍ നിന്ന് ഇന്ന് ഏഴ് മൃതദേഹങ്ങളാണ് പുറത്തെടുത്തത്.

കോഴിക്കോട് കുറ്റ്യാടിയില്‍ രണ്ട് പേര്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. വിലങ്ങാട് ഉരുള്‍പൊട്ടലില്‍ നാല് പേരാണ് മരിച്ചത്. പാലക്കാട് ജില്ലയിലും കനത്ത മഴ തുടരുകയാണ്.

ഒമ്പത് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യകേരളത്തിലും മഴക്കെടുതി രൂക്ഷമാണ്. ഇടുക്കി വെള്ളാരംകല്ലില്‍ ഉരുള്‍പൊട്ടി. ജില്ലയില്‍ ഒരാള്‍ ഒഴിക്കില്‍പെട്ട് മരിച്ചു. കോട്ടയം ഈരാറ്റുപേട്ടയില്‍ ഉരുള്‍പൊട്ടി. തൃശൂരില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ മരിച്ചു.

പതിനൊന്ന് ജില്ലകളില്‍ പ്രളയസാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതു വരെ 315 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇരുപത്തി രണ്ടായിരത്തോളം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. നാല് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.