LiveTV

Live

Kerala

റെയില്‍ ഗതാഗതം താറുമാറായി

പാലക്കാട് - ഷൊര്‍ണൂര്‍, എറണാകുളം- ഷൊര്‍ണൂര്‍ ലൈനിലും ഗതാഗതം തടസ്സപ്പെട്ടു.

റെയില്‍ ഗതാഗതം താറുമാറായി

കനത്തമഴയില്‍ സംസ്ഥാനത്ത് റെയില്‍ ഗതാഗതം താറുമാറായി. ആലപ്പുഴ വഴിയുള്ള സര്‍വീസ് നാളെ വരെ നിര്‍ത്തിവെച്ചു. പാലക്കാട് - ഷൊര്‍ണൂര്‍, എറണാകുളം- ഷൊര്‍ണൂര്‍ ലൈനിലും ഗതാഗതം തടസ്സപ്പെട്ടു. റെയില്‍വേ സ്റ്റേഷനുകളില്‍ കുടുങ്ങിയവര്‍ക്കായി കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ തുടങ്ങി.

കനത്ത മഴയില്‍ മാരാരിക്കുളത്തിന് സമീപം ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്നാണ് ആലപ്പുഴ വഴി ഗതാഗതം തടസപ്പെട്ടത്. വൈദ്യൂതി ലൈനും ട്രാക്കും അപകടഭീഷണിയിലായതിനാല്‍ നാളെയോടെ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാനാവൂ. എറണാകുളം വരെയുള്ള ട്രെയിന്‍ സര്‍വീസ് കോട്ടയം വഴി തിരിച്ചുവിട്ടിരിക്കുകയാണ്. ഷൊര്‍ണൂര്‍ പാലക്കാട് ലൈനില്‍ പറളിക്ക് സമീപം ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ ഇതുവഴിയുള്ള സര്‍വീസ് റദ്ദാക്കി.

തിരുവനന്തപുരത്ത് നിന്ന് ഷൊര്‍ണൂരേക്കുള്ള സര്‍വീസുകള്‍ എറണാകുളത്ത് അവസാനിപ്പിക്കുകയാണ്. ഫറോഖിനും കല്ലായിക്കുമിടക്ക് ചാലിയാര്‍ ജലനിരപ്പ് ട്രാക്കിനൊപ്പം ഉയരുന്ന സാഹചര്യത്തിലാണ് ഈ ലൈനിലും സര്‍വീസ് നിര്‍ത്തിവെച്ചത്. എറണാകുളം- ഷൊര്‍ണൂര്‍ ലൈനില്‍ ചാലക്കുടിയിലും സമാനമായ ഭീഷണിയുണ്ട്. തിരുവനന്തപുരത്ത് നിന്ന് സംസ്ഥാനത്തിന് പുറത്തേക്കുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ തിരുനെല്‍വേലി വഴി തിരിച്ചുവിടാനാണ് പദ്ധതി. പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി.

റെയില്‍വേ ട്രാക്കുകള്‍ കടന്നുപോകുന്ന നദികളിലെ ജലനിരപ്പ് സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. എല്ലാ പ്രധാന റയില്‍വേ സ്റ്റേഷനുകളിലും കെ.എസ്.ആര്‍.ടി.സി കണ്‍ട്രോള്‍ റൂം തുറന്നു. യാത്രക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്.