LiveTV

Live

Kerala

കണ്ണൂരിലും കാസര്‍കോടും താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായി  

കണ്ണൂരില്‍ 2500 ഓളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

കണ്ണൂരിലും കാസര്‍കോടും താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായി  

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തായ മഴയാണുളളത്. കണ്ണൂര്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെളളത്തിനടിയിലാണ്. ജില്ലയില്‍ 2500 ഓളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കാസര്‍കോട് ജില്ലയില്‍ ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലാണ് ഏറെ നാശനഷ്ടം റിപ്പോർട്ട് ചെയ്തത്.

കണ്ണൂരില്‍ മഴക്ക് നേരിയ ശമനമുണ്ടായെങ്കിലും വീണ്ടും ശക്തിപ്രാപിച്ചു. കര്‍ണാടക വനമേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ജില്ലയിലെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. പുഴയോര ടൌണുകള്‍ പലതും വെളളത്തിനടിയിലാണ്. ശ്രീകണ്ഠപുരം ടൌണില്‍ നിരവധി കടകളും വീടുകളും വെളളത്തിനടിയിലായി. നിരവധി പേരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇരിട്ടി, പേരട്ട, ഉളിക്കല്‍, ഇരിക്കൂര്‍, ഏഴോം, കാട്ടാമ്പളളി തുടങ്ങിയ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെളളത്തിനടിയിലാണ്.

ഇരിട്ടി വളളിത്തോട് ഇന്നലെ വെളളക്കെട്ടില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെടുത്തു. കോളിത്തട്ട് രണ്ടാം കൈ സ്വദേശി ജോയിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. കാസര്‍കോട് തേജസ്വിനി പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ പുഴയോട് ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഹോസ്ദുർഗ് താലൂക്ക് പരിധിയിൽ നീലേശ്വരം നഗരസഭയിലെ ചാത്തമത്ത്, പാലായി, പോടോതുരുത്തി തുടങ്ങിയ മേഖലകളിലെ ഇരുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മലയോര മേഖലകളിൽ ഉള്ളവർ തിങ്കളാഴ്ച വരെ മാറി താമസിക്കണമെന്ന് ജില്ലാഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.