LiveTV

Live

Kerala

ഉരുള്‍പൊട്ടലിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ?

പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം

 ഉരുള്‍പൊട്ടലിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ?

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലയോരപ്രദേശങ്ങളില്‍ ഉരുള്‍പൊട്ടാനുള്ള സാധ്യതകള്‍ ഏറെയെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഴക്കെടുതി മൂലം പല ജീവനുകളും നഷ്ടപ്പെട്ടു.

2018ലെ പ്രളയത്തിൽ ഉരുൾ പൊട്ടിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം.

എമർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട വസ്തുക്കൾ എന്തൊക്കെ?

  • ടോര്‍ച്ച് (Torch)
  • റേഡിയോ (Radio)
  • 500 ml വെള്ളം
  • ORS പാക്കറ്റ്
  • അത്യാവശ്യം വേണ്ട മരുന്ന്
  • മുറിവിന് പുരട്ടാവുന്ന മരുന്ന്
  • ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ
  • 100 ഗ്രാം കപ്പലണ്ടി
  • 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം
  • ചെറിയ ഒരു കത്തി
  • 10 ക്ലോറിന്‍ ടാബ്ലെറ്റ്
  • ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോർച്ചിൽ ഇടാവുന്ന ബാറ്ററി
  • ബാറ്ററിയും കോൾ പ്ലാനും ചാര്‍ജജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോൺ
  • അത്യാവശ്യം കുറച്ച് പണം, എ.ടി.എം കാർഡ്

പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയർന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക

ഉരുള്‍ പൊട്ടലിനു മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ?

1. പരിഭ്രാന്തരാകാതെ സംയമനം പാലിക്കുക

2. കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക.

3. എമര്‍ജന്‍സി കിറ്റ് കരുതുകയും വീട് വിട്ട് ഇറങ്ങേണ്ടി വന്നാല്‍ കയ്യില്‍ കരുതുകയും ചെയ്യുക.

4. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട ടെലിഫോണ്‍ നമ്പറുകള്‍ അറിഞ്ഞിരിക്കുകയും ആവശ്യം വന്നാല്‍ ഉപയോഗിക്കുകയും ചെയ്യുക.

5. ശക്തമായ മഴയുള്ളപ്പോള്‍ ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി താമസിക്കുക.

6. വീട് ഒഴിയാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിര്‍ദേശം ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രങ്ങളില്‍ അഭയം തേടുക.

നോട്ട്: കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ജില്ലകളിലെ ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുക – 1077

കടപ്പാട്: ഡോ.ഡാനിഷ് സലിം