LiveTV

Live

Kerala

എടവണ്ണയില്‍ മണ്ണിടിഞ്ഞ് വീണ് നാല് പേര്‍ മരിച്ചു

എടവണ്ണയില്‍ മണ്ണിടിഞ്ഞ് വീണ് നാല് പേര്‍ മരിച്ചു

മലപ്പുറം എടവണ്ണ കുട്ടശ്ശേരിയിലുണ്ടായ മണ്ണിടിച്ചില്‍ നാല് പേര്‍ മരിച്ചു. പോത്ത്കല്ല് ഭൂദാനം കവളപ്പാറയില്‍ നിരവധി വീടുകള്‍ മണ്ണിനടിയിലായി. ഈ പ്രദേശത്ത് നിന്ന് ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൂന്നാം ദിവസവും തുടരുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗം കുറച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ എടവണ്ണ ഒതായി കുട്ടശ്ശേരില്‍ ഇന്നലെ രാത്രിയോടെയാണ് മണ്ണിടിഞ്ഞത്. കുട്ടശ്ശേരി ഉനൈസ്, നുസ്രത്ത്, സന, ശനില്‍ എന്നിവരാണ് മരിച്ചത്. പോത്തുകല്ലിനടുത്ത് ഭൂദാനത്ത് മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ മണ്ണിനടിയിലായി. ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കനത്ത മഴ തുടരുന്നതും പ്രദേശത്തേക്കുള്ള റോഡ് വെള്ളത്തില്‍ മുങ്ങിയതും രക്ഷാപ്രവര്‍ത്തനത്തിന് തടസമാണ്. ചാലിയാറിന്റെ തീരപ്രദേശങ്ങള്‍ പലതും ഒറ്റപ്പെട്ട അവസ്ഥയിലാണ്. വാഴക്കാട് പുഴ ഗതിമാറി ജനവാസ മേഖലയിലൂടെ ഒഴുകി. ഇവിടെ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. കലക്ടറോട് അടിയന്തര സഹായം ആവശ്യപ്പെട്ടതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ, മണ്ണാര്‍മല, ചേരിങ്ങള്‍ പ്രദേശത്ത് ഉരുള്‍പൊട്ടി.

ഇവിടെയുള്ള കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രമം തുടരുകയാണ്. പാലക്കാട് കോഴിക്കോട് ദേശീയ പാതയില്‍ ഓരോടംപാലം പുഴ കരകവിഞ്ഞൊഴുകി. മമ്പാട്, അരീക്കോട് തുടങ്ങിയ പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. തിരൂരിലും മലപ്പുറം നഗരത്തിലും വെള്ളം കയറി. കടലുണ്ടിപ്പുഴ നിറഞ്ഞതിനെ തുടര്‍ന്ന് റോഡ് ഗതാഗതം പൂര്‍ണമായും താറുമാറായി.