LiveTV

Live

Kerala

ഏത് സാഹചര്യവും നേരിടാൻ സംസ്ഥാനം സുസജ്ജം; സൈന്യം അടക്കം രംഗത്തുണ്ടെന്ന് മുഖ്യമന്ത്രി

സൈന്യത്തിന്റെ കൂടുതല്‍ സേവനം ലഭ്യമാക്കും. മഴ തുടര്‍ന്നാല്‍ ബാണാസുര സാഗര്‍ ഡാം തുറക്കും.

ഏത് സാഹചര്യവും നേരിടാൻ സംസ്ഥാനം സുസജ്ജം; സൈന്യം അടക്കം രംഗത്തുണ്ടെന്ന് മുഖ്യമന്ത്രി

ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംസ്ഥാനം സുസജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൈന്യം ഉൾപ്പെടെ രംഗത്തുണ്ട്. വ്യോമഗതാഗതം അടക്കം പരിഹരിച്ച് വരുന്നു. ഡാമുകളുടെയും നദികളുടെയും ജലനിരപ്പുയരുന്നത് നിരീക്ഷിക്കുന്നു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ജാഗ്രതയാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴക്കെടുതിയെ കുറിച്ച് സംസ്ഥാനം നടത്തുന്ന പ്രവർത്തനങ്ങൾ ഉന്നതതല യോഗത്തിൽ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനം നേരിടുന്ന മഴക്കെടുതി നേരിടാനാണ് സൈന്യത്തെയടക്കം രംഗത്തിറക്കിയത്. കൂടുതൽ സേനയുടെ ആവശ്യമുണ്ടെങ്കിൽ സജ്ജമാണ്. എന്‍.ഡി.ആര്‍.എഫ് സേനയുടെ എണ്ണം വർധിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് വേണ്ട ഉപകരണങ്ങളുടെ ക്ഷാമമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ പ്രളയ സമയത്തെ പ്രശ്നം ഇപ്പോഴില്ലെങ്കിലും ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ജനം പരിഭ്രാന്തരാവേണ്ടതില്ല.

കൊച്ചി വിമാനത്താവളം അടച്ച സാഹചര്യത്തിൽ തിരുവനന്തപുരത്ത് കൂടുതൽ വിമാനമിറക്കാൻ തീരുമാനിച്ചു. കൊച്ചി വ്യോമസേനയുടെ വിമാനത്താവളവും പ്രവർത്തന സജ്ജമാക്കും. വിമാനത്താവളങ്ങളിലടക്കം കുടുങ്ങുന്നവരെ സഹായിക്കാൻ കൂടുതൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. ജനങ്ങൾ ജില്ലാ ഭരണകൂടങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് മേപ്പാടിയുണ്ടായത് വലിയ ദുരന്തമാണ്. മേപ്പാടിയില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കും. പെരിയാര്‍, വളപട്ടണം പുഴ, കുതിരപ്പുഴ, കുറുമന്‍പുഴ എന്നിവയെല്ലാം കരകവിഞ്ഞൊഴുകുകയാണ്. അടുത്ത 24 മണിക്കൂര്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. രാത്രിയോടെ ശക്തികുറഞ്ഞാലും മലയോര മേഖലയില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകാനിടയുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ പെയ്യുന്നത്. നാളെ കഴിഞ്ഞ് മഴ കുറയാം. എന്നാല്‍ ഓഗസ്റ്റ് 15ന് ശേഷം വീണ്ടും മഴയ്ക്ക് സാധ്യതയുണ്ട്. കടല്‍പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ പോലെ തീവ്രമായ പ്രളയ സ്ഥിതിയില്ല. മന്ത്രിമാര്‍ക്ക് ജില്ലകളില്‍ ചുമതല നല്‍കിയിട്ടുണ്ട്. കുറ്റ്യാടിയും പെരിങ്ങല്‍ക്കൂത്തുമാണ് ഇപ്പോള്‍ തുറന്നത്. ഇടുക്കി ഉള്‍പ്പെടെയുള്ള വന്‍കിട ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല. ബാണാസുര സാഗര്‍ തുറക്കേണ്ടി വന്നേക്കാം. തമിഴ്‌നാട്ടിലെ കോണ്ടൂര്‍ കനാല്‍ തകര്‍ന്നു. അതിന്റെ ഭാഗമായി ചാലക്കുടി പുഴയിലേക്ക് കൂടുതല്‍ വെള്ളം എത്താന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതുവരെ സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാമ്പുകളിലായി 5936 കുടുംബങ്ങളിലെ 22165 പേര് ഉണ്ട്. വയനാടാണ് ഏറ്റവും കൂടുതല്‍ പേരുള്ളത്. 9951 പേര്‍ ക്യാമ്പിലുണ്ട്. നാളെ ആലപ്പുഴയില്‍ നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളം കളി മാറ്റിവെച്ചു.