LiveTV

Live

Kerala

കേരള കാർഷിക സർവകലാശാലയിൽ അധ്യാപകർക്ക് സ്‌ഥാനക്കയറ്റം നൽകിയത് മാനദണ്ഡങ്ങൾ ലംഘിച്ച്

സർവകലാശാലക്ക് പുറത്തുള്ള സ്വതന്ത്ര അന്വേഷണ ഏജൻസി ക്രമക്കേട് അന്വേഷിക്കണമെന്ന് ധനകാര്യ പരിശോധന വിഭാഗം ആവശ്യപ്പെട്ടു

 കേരള കാർഷിക സർവകലാശാലയിൽ അധ്യാപകർക്ക് സ്‌ഥാനക്കയറ്റം നൽകിയത് മാനദണ്ഡങ്ങൾ ലംഘിച്ച്

കേരള കാർഷിക സർവകലാശാലയിൽ 300 അധ്യാപകർക്ക് സ്‌ഥാനക്കയറ്റം നൽകിയത് മാനദണ്ഡങ്ങൾ ലംഘിച്ച്. സർക്കാരിന്റെ ധനകാര്യ പരിശോധന വിഭാഗമാണ് ക്രമക്കേട് കണ്ടെത്തിയത്. സർവകലാശാലക്ക് പുറത്തുള്ള സ്വതന്ത്ര അന്വേഷണ ഏജൻസി ക്രമക്കേട് അന്വേഷിക്കണമെന്ന് ധനകാര്യ പരിശോധന വിഭാഗം ആവശ്യപ്പെട്ടു.

കാർഷിക സർവകലാശാലയിലെ കൂട്ട സ്‌ഥാനക്കയറ്റം യു.ജി.സി മാനദണ്ഡങ്ങൾ ലംഘിച്ചാണെന്നു ധനകാര്യ പരിശോധന വിഭാഗം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കരിയർ അഡ്വാൻസ്‌മെന്റ് സ്കീം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അധ്യാപകർക്ക് 2014 ലും അതിനു ശേഷം കൂട്ട സ്‌ഥാന കയറ്റം നൽകിയത്. ഗവേഷണം, അധ്യാപനം, വിജ്ഞാന വ്യാപനം തുടങ്ങിയ മേഖലകളിൽ അധ്യാപകന്റെ സേവനങ്ങൾക്ക് നൽകുന്ന മാർക്കുകൾ കൂട്ടിച്ചേർത്തുണ്ടാക്കുന്ന എ.പി.ഐ മാർക്കിന്റെ അടിസ്‌ഥാനത്തിലായിരിക്കണം കരിയർ അഡ്വാൻസ്‌മെന്റ് പദ്ധതി പ്രകാരം സ്‌ഥാനക്കയറ്റം നൽകേണ്ടതെന്ന് യു.ജി.സി നിഷ്കർഷിക്കുന്നു. എന്നാൽ കാർഷിക സർവ്വകലാശാല എല്ലാവര്‍ക്കും സ്‌ഥാനക്കയറ്റം കിട്ടാവുന്ന തരത്തിൽ എ.പി.ഐ മാർക്ക് ലളിതവൽക്കരിച്ചെന്നു പരിശോധനയിൽ കണ്ടെത്തി. 20 കോടിയുടെ അധിക ബാധ്യതയാണ് സർവകലാശാലക്ക് ഇതിലൂടെ ഉണ്ടായത്. മൂന്ന് വിഭാഗങ്ങളിൽ ഓരോന്നിലും മിനിമം മാർക്ക് വേണമെന്ന യു.ജി.സി നിബന്ധന മാറ്റി മൂന്നിലും കൂടി ആവശ്യമായ മാർക്ക് നേടിയാൽ മതി എന്നായിരുന്നു സർവകലാശാല യുടെ നിലപാട്.

യു.ജി.സി മാനദണ്ഡ പ്രകാരം പരമാവധി നേടാവുന്ന മാർക്കിന് പരിധിയുണ്ട്. എന്നാൽ സർവകലാശാല വാരിക്കോരി മാർക്ക് നൽകിയിരിക്കുന്നുവെന്നു പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. സ്‌ഥാനക്കയറ്റം ശിപാർശ ചെയ്യേണ്ട സമിതി രൂപീകരിച്ചതും യു.ജി.സി മാനദണ്ഡങ്ങൾ മറികടന്നാണെന്നതുൾപ്പെടെ ഗുരുതരമായ ക്രമക്കേടുകളാണ് പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ടിലുള്ളത്. വര്ഷങ്ങളായി ഗവേഷണ വിഭാഗത്തിൽ പ്രവർത്തിക്കുന്ന അധ്യാപകരുടെ ഗവേഷണ പ്രബന്ധങ്ങളുടെ നിലവാരമില്ലായ്മയെ കുറിച്ചുള്ള ഗൗരവമായ കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ കെ.ഡി പ്രതാപനാണ് ക്രമക്കേട് ആരോപിച്ചു ധനകാര്യ പരിശോധന വിഭാഗത്തിന് പരാതി നൽകിയത്.