LiveTV

Live

Kerala

2018ലും ശ്രീറാം സഞ്ചരിച്ച കാര്‍ അപകടം വരുത്തി, നഷ്ടപരിഹാരം നല്‍കാതെ വഞ്ചിച്ചു; വെളിപ്പെടുത്തലുമായി പ്രവാസി മലയാളി

2018ലും ശ്രീറാം സഞ്ചരിച്ച കാര്‍ അപകടം വരുത്തി, നഷ്ടപരിഹാരം നല്‍കാതെ വഞ്ചിച്ചു; വെളിപ്പെടുത്തലുമായി പ്രവാസി മലയാളി

2018ല്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഹാര്‍വര്‍ഡിലേക്ക് പഠിക്കാന്‍ പോയ ദിവസവും സഞ്ചരിച്ച കാര്‍ അപകടം വരുത്തി എന്ന വെളിപ്പെടുത്തലുമായി പ്രവാസി മലയാളി. ഇന്‍ഷുറന്‍സ് തുകയടക്കം നഷ്ടപരിഹാരം ലഭിയ്ക്കുന്നതിന് സഹകരിക്കാതെ വഞ്ചിച്ച ശ്രീറാം ഫോണ്‍ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കബളിപ്പിച്ചെന്നും പ്രവാസിയായ റോബിന്‍ എം. ചെറുകര പറയുന്നു. റാന്നി സ്വദേശിയായ റോബിന്‍ എം. ചെറുകര ഇപ്പോള്‍ അമേരിക്കയിലെ ബോസ്റ്റണില്‍ താമസിക്കുകയാണ്.

ശ്രീറാം വെങ്കിട്ടരാമന്‍ ഹാര്‍വര്‍ഡിലേക്ക് പഠിക്കാന്‍ പോകുന്ന ദിവസം തിരുവനന്തപുരത്ത് ഉണ്ടായ അപകടത്തെ കുറിച്ചാണ് റോബിന്‍ പരാതി ഉന്നയിക്കുന്നത്. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കഴിഞ്ഞ ദിവസം ശ്രീറാം മദ്യലഹരിയില്‍ ഇടിച്ചുതറിപ്പിച്ചത് ഹാര്‍വാഡില്‍ നിന്ന് പഠനം കഴിഞ്ഞ് തിരിച്ചെത്തിയതിന്റെ അന്ന് തിരുവനന്തപുരം നഗരത്തിലെ പ്രശസ്തമായ ഒരു ക്ലബില്‍ സംഘടിപ്പിച്ച പാര്‍ട്ടിക്ക് ശേഷമായിരുന്നു.

സംഭവത്തെ കുറിച്ച് റോബിന്‍ പറയുന്നതിങ്ങനെ

”2018 ആഗസ്റ്റില്‍ റോബിന്റെ സഹോദരനും അളിയനും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുന്ന സമയത്താണ് അപകടമുണ്ടായത്. ആയിരം കിലോമീറ്ററില്‍ താഴെ മാത്രം ഓടിയ പുതിയ ഇന്നോവ കാറിലായിരുന്നു യാത്ര. നല്ല മഴയുള്ള ദിവസമായിരുന്നു. യാത്രയ്ക്കിടെ തിരുവനന്തപുരത്തേക്ക് പ്രവേശിക്കുന്നതിനിടെ ശ്രീറാം സഞ്ചരിച്ച വാഹനം പുറകിലിടിക്കുകയായിരുന്നു.

വാഹനം സൈഡില്‍ നിര്‍ത്തിയ ശേഷം ഞങ്ങളുടെ അടുത്തേക്ക് വന്ന ഡ്രൈവര്‍, കളക്ടറാണ് കാറിലെന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് പോകുകയാണെന്നും പറഞ്ഞു. ഒന്നോ രണ്ടോ മിനുട്ടുകള്‍ക്ക് ശേഷം അസിസ്റ്റന്റ് കളക്ടറാണെന്ന് പരിചയപ്പെടുത്തി ശ്രീറാം തന്നെ പുറത്തേക്ക് വന്നു. പരാതി കൊടുക്കരുതെന്നും താന്‍ അമേരിക്കയിലേക്ക് പഠനത്തിനായി പോകുകയാണെന്നും തിടുക്കമുണ്ടെന്നും ശ്രീറാം പറഞ്ഞു.

എന്റെ അളിയനും അതേ വിമാനത്തില്‍ അമേരിക്കയിലേക്കാണെന്ന് പറഞ്ഞപ്പോള്‍ പരാതി കൊടുക്കാനല്ലാതെ തന്നെ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കാമെന്ന് പറഞ്ഞു. കാര്‍ ശ്രീറാമിന്റെ സുഹൃത്തിന്റെയോ അയല്‍വാസിയുടേയോ ആയിരുന്നു. അത്‌കൊണ്ട് നഷ്ടപരിഹാരം നല്‍കാന്‍ അദ്ദേഹത്തെ ഏല്‍പ്പിക്കാമെന്നും എന്റെ ഭാര്യാ പിതാവിനെ ബന്ധപ്പെടുമെന്നും പറഞ്ഞു. ഇക്കാരണത്താല്‍ സഹോദരന്‍ പൊലീസിന് പരാതി നല്‍കുകയുണ്ടായില്ല.

ബോസ്റ്റണില്‍ വിമാനമിറങ്ങിയതിന് ശേഷം ശ്രീറാം ബന്ധപ്പെടാന്‍ വാട്‌സ്ആപ്പ് നമ്പര്‍ നല്‍കുകയും അളിയന്‍ തിരിച്ച് മൊബൈല്‍ നമ്പര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശ്രീറാം വിവരങ്ങളൊന്നും തന്നില്ല. ഓണ്‍ലൈനിലുള്ളുപ്പോള്‍ തന്നെ മെസ്സേജ് അയച്ചെങ്കിലും മറുപടിയൊന്നും നല്‍കാന്‍ ശ്രീറാം തയ്യാറായില്ല. കേരളത്തിലുള്ള ശ്രീറാമിന്റെ സുഹൃത്തിനെ ഭാര്യപിതാവ് വിളിച്ചപ്പോള്‍ താന്‍ ഉത്തരവാദിയല്ലെന്നും വേണമെങ്കില്‍ വാഹനമോടിച്ച ഡ്രൈവറെ വിളിക്കാനുമാണ് മറുപടി കിട്ടിയത്.

പിന്നെയും ശ്രീറാമിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് 20,000  രൂപ കൊടുത്ത് ഭാര്യപിതാവ് തന്നെ വാഹനം നന്നാക്കുകയാണ് ചെയ്തത്.”

ഇപ്പോഴുണ്ടായ വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രീറാം പൊലീസുമായും ആശുപത്രി അധികൃതരുമായും ചേര്‍ന്ന് നാടകം കളിയ്ക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം എഴുതുന്നതെന്ന് റോബിന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 24നാണെന്നും തിയ്യതി കൃത്യമായി ഓര്‍ക്കുന്നില്ലെന്നും റോബിന്‍ പറയുന്നുണ്ട്.”