LiveTV

Live

Kerala

ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മ്മിക്കുന്ന വീടിന് റവന്യൂ വകുപ്പിന്‍റെ സ്റ്റോപ് മെമൊ

പുറമ്പോക്ക് ഭൂമിയിലാണ് നിര്‍മാണമെന്നാണ് റവന്യൂ വകുപ്പിന്‍റെ വാദം.

ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മ്മിക്കുന്ന വീടിന് റവന്യൂ വകുപ്പിന്‍റെ സ്റ്റോപ് മെമൊ

സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ നിര്‍മ്മിക്കുന്ന വീടിന് സ്റ്റോപ് മെമൊ നല്‍കി റവന്യൂ വകുപ്പ്. ഇടുക്കി നെടുങ്കണ്ടം പഞ്ചായത്തിലാണ് റവന്യൂ വകുപ്പിന്‍റെ വിചിത്ര നടപടി. പുറമ്പോക്ക് ഭൂമിയിലാണ് നിര്‍മാണമെന്നാണ് റവന്യൂ വകുപ്പിന്‍റെ വാദം. എന്നാല്‍ റിസോര്‍ട്ട് മാഫിയക്ക് വേണ്ടിയുള്ള ഒത്തുകളിയാണെന്ന് കുടുംബം ആരോപിക്കുന്നു.

നെടുങ്കണ്ടം പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് സംഭവം. സര്‍ക്കാര്‍ പദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം മാന്‍കുത്തിമേട് പൊട്ടന്‍പ്ലാക്കല്‍ പി.ആര്‍ സജിക്കും കുടുംബത്തിനുമാണ് വീട് നിര്‍മാണത്തിന് പഞ്ചായത്ത് അനുമതി നല്‍കിയത്. പദ്ധതി പ്രകാരം സജിക്ക് ഇതുവരെ 3.60 ലക്ഷം രൂപ ലഭിച്ചു. ഈ തുക ഉപയോഗിച്ചാണ് നിര്‍മാണം തുടര്‍ന്നത്. ഇതിനിടെയാണ് നിര്‍മാണം പുറമ്പോക്ക് ഭൂമിയിലാണെന്ന് കാട്ടി റവന്യൂ വകുപ്പ് സ്റ്റോപ് മെമൊ നല്‍കിയത്. എന്നാല്‍ 2011ല്‍ സ്വകാര്യ വ്യക്തിയില്‍ നിന്ന് 32000 രൂപ നല്‍കിയാണ് ഭൂമി വാങ്ങിയതെന്ന് സജി പറയുന്നു. സര്‍ക്കാര്‍ മാനദണ്ഡപ്രകാരമാണ് വീട് നിര്‍മാണത്തിന് അനുമതി നല്‍കിയതെന്ന് നെടുങ്കണ്ടം പഞ്ചായത്ത് അംഗങ്ങളും വ്യക്തമാക്കി. ഇന്നലെ ഉടുമ്പന്‍ചോല തഹസില്‍ദാറിനെ പഞ്ചായത്ത് അംഗങ്ങള്‍ തടഞ്ഞുവച്ചു.

ജില്ലാ കലക്ടര്‍ ഇടപെട്ട് നിര്‍ധനരായ കുടുംബത്തെ സഹായിക്കണമെന്നാണ് പഞ്ചായത്ത് അംഗങ്ങളുടെ ആവശ്യം. നിര്‍മാണത്തിലുള്ള വീടിനു സമീപത്തെ രണ്ട് റിസോര്‍ട്ട് ഉടമകളുടെ സമ്മര്‍ദ്ദത്തിലാണ് റവന്യൂ വകുപ്പിന്‍റെ നടപടിയെന്നാണ് സജിയുടെയും കുടുംബത്തിന്‍റെയും ആരോപണം.