LiveTV

Live

Kerala

മലപ്പുറത്ത് മഴ ശക്തം; ക്യാമ്പുകള്‍ തുറന്നു

ഊട്ടി നിലമ്പൂർ ദേശീയ പാതയിൽ നൂറുകണക്കിനാളുകളാണ് റോഡിൽ കുടുങ്ങി കിടക്കുന്നത്.

മലപ്പുറത്ത് മഴ ശക്തം; ക്യാമ്പുകള്‍ തുറന്നു

ശക്തമായ മഴയിൽ നിലമ്പൂർ താലൂക്ക് പൂർണമായും വെള്ളത്തിനടിയിലായി. വിവിധയിടങ്ങളിൽ ചാലിയാർ ഉൾപ്പടെ നദികൾ കര കവിഞ്ഞൊഴുകിയതിനെ തുടർന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മൂന്നിടങ്ങളിൽ ഉരുൾപൊട്ടി. ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ഇടതടവില്ലാതെ പെയ്യുന്ന കനത്ത മഴയും വിവിധയിടങ്ങളിലുണ്ടായ ഉരുൾപൊട്ടലുമാണ് നിലമ്പൂർ നഗരത്തെ വെള്ളത്തിനടിയിലാക്കിയത്. കരുളായി ചാലിയാർ പഞ്ചായത്തുകളിലാണ് മഴ കൂടുതൽ ബാധിച്ചത്. ചാലിയാർ പഞ്ചായത്ത് തീർത്തും ഒറ്റപ്പെട്ടു. ചാലിയാർ നദി കര കവിഞ്ഞൊഴുകിയതിനെ തുടർന്ന് മേഖലയിൽ താമസിക്കുന്ന മുഴുവനാളുകളെയും മഴ ദുരിതത്തിലാക്കി. നിലമ്പൂർ അരീക്കോട് മമ്പാട് മതിൽമൂല കരുവാരക്കുണ്ട് തുടങ്ങിയ പ്രദേശങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാൽ നൂറു കണക്കിനു ആളുകളെ മാറ്റിപ്പാർപ്പിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 12 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ റെഡ് അലര്‍ട്ട് പിൻവലിച്ചിട്ടില്ല. ഒപ്പം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ അടുത്ത പത്താം തീയതി വരെ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം നിരോധിച്ചു.

ഊട്ടി നിലമ്പൂർ ദേശീയപാതയിൽ നൂറുകണക്കിനാളുകളാണ് റോഡിൽ കുടുങ്ങി കിടക്കുന്നത്. സമയം കൂടുന്തോറും ജലനിരപ്പ് ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.