LiveTV

Live

Kerala
live

പ്രളയഭീതി വിതച്ച് പെരുമഴ; 10 മരണം, മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍, നെടുമ്പാശ്ശേരി വിമാനത്താവളം താത്ക്കാലികമായി അടച്ചു Live Blog

വയനാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി ജില്ലകളെയാണ് മഴ സാരമായി ബാധിച്ചത്. കണ്ണൂരും മലപ്പുറത്തും കോഴിക്കോടും വയനാട്ടിലും ഉരുള്‍പൊട്ടി...

പ്രളയഭീതി വിതച്ച് പെരുമഴ; 10 മരണം, മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍, നെടുമ്പാശ്ശേരി വിമാനത്താവളം താത്ക്കാലികമായി അടച്ചു  Live Blog

ദുരിതമഴ: 10 മരണം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പത്തായി. ഇടുക്കി, കണ്ണൂര്‍, വയനാട്, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് മരണം. അട്ടപ്പാടിയില്‍ വീടിന് മുകളില്‍ മരം വീണ് ചുണ്ടകുളം ഊരിലെ കാര(50) മരിച്ചു. മട്ടന്നൂരില്‍ തോട്ടില്‍ വീണ് കുഴിക്കല്‍ ശില്‍പ നിവാസില്‍ കെ പത്മനാഭന്‍(54) മരിച്ചു. പനമരത്ത് വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. വടകര ചെമ്മരത്തൂരില്‍ യുവാവ് ഇടി മിന്നലേറ്റ് മരിച്ചു. തയ്യള്ളതില്‍ ലിബേഷ് ആണ് മരിച്ചത്. വീട്ടിലിരിക്കുമ്പോഴാണ് മിന്നലേറ്റത്. 35 വയസായിരുന്നു.

ഇടുക്കിയില്‍ മാത്രം മൂന്ന് പേര്‍ മരിച്ചു. ഇടുക്കി ചിന്നക്കനാലില്‍ ലയത്തിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. മറയൂര്‍ പാമ്പാര്‍ ലക്കംപുഴയില്‍ ഒഴുക്കില്‍പെട്ട് സ്ത്രീ മരിച്ചു. മറയൂര്‍ സ്വദേസി ജ്യോതി(75)ആണ് മരിച്ചത്. ഷെഡ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയും ഇടുക്കിയില്‍ മരണപ്പെട്ടു.

വയനാട് മുട്ടില്‍ പഴശ്ശി കോളനിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. മലപ്പുറം തിരൂരില്‍ തെങ്ങ് കടപുഴകി ദേഹത്തുവീണ് ഒരാള്‍ മരിച്ചു.

മലപ്പുറം ആനമറിയില്‍ ഉരുള്‍പൊട്ടി സഹോദരങ്ങളായ മൈമൂന (51), സാജിത (48) എന്നിവരെ കാണാതായി. ഇവരുടെ വീട് അടക്കമാണ് ഉരുള്‍ പൊട്ടലില്‍ ഒലിച്ചുപോയിരിക്കുന്നത്. ആലുവ മണപ്പുറത്ത് പെരിയാറില്‍ ഒരാളെ കാണാതായി.

Last updated

ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറുകള്‍

കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ജില്ലാ ഭരണകൂടങ്ങളെ സഹായിക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ...

Posted by Chief Minister's Office, Kerala on Thursday, August 8, 2019

Last updated

നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. നെടുമ്പാശ്ശേരിയില്‍ നിന്നും രാത്രി 12 വരെയുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. മുന്‍കരുതലെന്ന നിലയിലാണ് വിമാനത്താവളം അടച്ചിരിക്കുന്നത്.

നെടുമ്പാശ്ശേരിയിലെ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം നമ്പര്‍ 04843053500

Last updated

അഞ്ച് ഡാമുകള്‍ തുറന്നു; ജലവിഭവവകുപ്പിന്റെ ഡാമുകളില്‍ അധികമെത്തിയത് എട്ട് ശതമാനം ജലം

മഴ കനത്തതോടെ ജലവിഭവ വകുപ്പിന്റെ ഡാമുകളില്‍ അഞ്ചെണ്ണം തുറന്നു. കുറ്റ്യാടി, മലങ്കര, കാരാപ്പുഴ, മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളാണ് തുറന്നുവിട്ടത്. എല്ലാ ഡാമുകളിലേക്കുമുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനിടെ എട്ട് ശതമാനം ജലമാണ് ജല വിഭവ വകുപ്പിന്റെ കീഴിലുള്ള 20 ഡാമുകളിലും ബാരേജുകളിലുമായി എത്തിയത്.

അതേസമയം, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഡാമുകളിലെ ജലനിരപ്പ് കുറവാണ്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് എട്ടിന് ഉണ്ടായിരുന്നതിനെക്കാള്‍ 40 ശതമാനം കുറവ് ജലമാണ് ഇന്നലെ ഡാമുകളില്‍ ഉണ്ടായിരുന്നത്. പഴശ്ശി ഡാമില്‍ മാത്രമാണ് മുന്‍വര്‍ഷത്തെക്കാള്‍ കൂടുതല്‍ ജലമുള്ളത്. ഡാമുകളിലെ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിട്ടികളുടെ ചെയര്‍മാന്‍മാരായ കളക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച്, ദുരന്തനിവാരണ അതോറിട്ടിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇന്ന് മലപ്പുറം ജില്ലയിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ദുരിതശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കും. രാവിലെ കലക്ടറുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.

Last updated

മേപ്പാടിയില്‍ ഉരുള്‍പൊട്ടി; നിരവധിപേരെ കാണാതായതായി ആശങ്ക

വയനാട് മേപ്പാടി പുത്തുമലയില്‍ ഉരുള്‍പൊട്ടി. ലയങ്ങള്‍ ഒലിച്ചുപോയി നിരവധിപേരെ കാണാതായതായി നാട്ടുകാര്‍. രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്തേക്ക് എത്താന്‍ സാധിച്ചിട്ടില്ല.

മേപ്പാടിയില്‍ ഉണ്ടായത് അതിഭീകരമായ മണ്ണിടിച്ചിലെന്ന് ജില്ലാ കലക്ടര്‍ മീഡിയവണ്ണിനോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്ത് എത്താന്‍ സാധിച്ചിട്ടില്ല. പ്രദേശത്തേക്കുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. എന്‍.ഡി.ആര്‍.എഫ് ഉടന്‍ സ്ഥലത്തെത്തുമെന്ന് ജില്ലാ കലക്ടര്‍. തോട്ടങ്ങളിലെ താമസകേന്ദ്രങ്ങള്‍ക്ക് മുകളിലേക്കാണ് ഉരുള്‍പൊട്ടിയത്. പാടികളില്‍ ആളുകളുണ്ടായിരുന്നോയെന്ന് അറിയില്ലെന്നും കലക്ടര്‍.

Last updated

വയനാട് ചുരത്തില്‍ ഗതാഗത നിയന്ത്രണം

വയനാട് ചുരത്തില്‍ രാത്രി 12 മുതല്‍ രാവിലെ ആറു വരെ വാഹന ഗതാഗതം അനുവദിക്കില്ല. വൈകീട്ട് 6 മുതല്‍ രാവിലെ 6 വരെ ഹെവി വെഹിക്കിളുകള്‍ക്കും നിരോധനം.

Last updated

എത്രയും പെട്ടെന്ന് ദുരിത ബാധിത പ്രദേശങ്ങളിലെത്താന്‍ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. എത്രയും പെട്ടെന്ന് ദുരിത ബാധിത പ്രദേശങ്ങളിലെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിക്കാന്‍ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറിയുടെ നേതൃത്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.

Last updated

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പരീക്ഷ മാറ്റി

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ 11 ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. തൃശൂര്‍, എറണാകുളം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, ആലപ്പുഴ, വയനാട് ജില്ലകളിലെ പ്രഫഷനല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കലക്ടര്‍മാര്‍ അവധിപ്രഖ്യാപിച്ചിരിക്കുന്നത്.

കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എം.ജി സര്‍വകലാശാലയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകള്‍ 30ലേക്കു മാറ്റിയിട്ടുണ്ട്.

തിരുവനന്തപുരം , കൊല്ലം ഒഴികെയുള്ള ജില്ലകളിൽ നാളെ (9/8/19, വെള്ളിയാഴ്ച) നടത്താനിരുന്ന ഐ.ടി.ഐ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

Last updated

പാലക്കാട് ശക്തമായ മഴ; കല്‍പ്പാത്തി പുഴയുടെ തീരത്ത് കുടുങ്ങിയവരെ രക്ഷിച്ചു

പാലക്കാട് ജില്ലയിലും ശക്തമായ മഴ. ഭവാനി, കുന്തിപ്പുഴ എന്നിവ കരകവിഞ്ഞൊഴുകി. സൈലന്റ് വാലിയിലും മംഗലം ഡാം പരിസരത്തും നിരവധി സ്ഥലത്ത് ഉരുള്‍പൊട്ടി. അട്ടപ്പാടി ശിരുവാണി എസ്റ്റേറ്റില്‍ ഒറ്റപ്പെട്ട 10 കുടുംബങ്ങളെ രക്ഷപ്പെടുത്താനായില്ല. മലമ്പുഴയിലും ആലത്തൂരിലും വെള്ളം കയറിയിട്ടുണ്ട്.

പാലക്കാട് കല്‍പ്പാത്തി പുഴയുടെ തീരത്തുള്ള മുരുകന്‍ ക്ഷേത്രത്തില്‍ കുടുങ്ങിയ ഏഴ് പേരെ രക്ഷപ്പെടുത്തി. ക്ഷേത്ര നിര്‍മാണപ്രവര്‍ത്തനത്തിനെത്തിയ ആളുകളാണ് കുടുങ്ങിയത്.

Last updated

പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു: ജാഗ്രതാനിര്‍ദേശം

Last updated

പരീക്ഷ മാറ്റി

കനത്ത മഴ കാരണം നാളെ (9-08-2019) നടത്താനിരുന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Last updated

മണ്ണിടിഞ്ഞുവീണ് ഒരുവയസുള്ള കുഞ്ഞ് മരിച്ചു

കാലവര്‍ഷകെടുതിയില്‍ ഇടുക്കി ജില്ലയില്‍ ഒരു വയസുള്ള കുട്ടി മരണപെട്ടു ചിന്നക്കനാല്‍ രാജശേഖരന്‍ നിത്യ ദമ്പതികളുടെ മകള്‍ മഞ്ജു ശ്രീ (ഒന്ന്)ആണ് മരണപ്പെട്ടത് എസ്റ്റേറ്റ് തൊഴിലാളികളായ ഇവര്‍ താമസിച്ചിരുന്ന ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണാണ് അപകടം ഉണ്ടായത് ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് കുട്ടിയെ പുറത്ത് എടുത്തത് മൃതദേഹം രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മോര്‍ച്ചറിയിലേക്ക് മാറ്റി. ശാന്തന്‍പാറ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Last updated

കണ്ണപ്പന്‍കുണ്ടിലെ പാലം വെള്ളത്തില്‍ മുങ്ങി

Last updated

കോഴിക്കോട് - വയനാട് പാതയില്‍ ഗതാഗത തടസം

കോഴിക്കോട് വയനാട് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. ഈങ്ങാപ്പുഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ഗതാഗതം തടസപ്പെട്ടത്. ഇരിട്ടി- വീരാജ് പേട്ട, കൊട്ടിയൂര്‍ വയനാട് പാല്‍ച്ചുരം റോഡുകളിലും ഗതാഗതം തടസപ്പെട്ടു. മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് ഗതാഗതം തടസപ്പെട്ടത്.

Last updated

പ്രളയസമാനമായ മഴ തുടരുന്നു

കേരളത്തില്‍ പ്രളയസമാനമായ മഴ തുടരുന്നു. വയനാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി ജില്ലകളെയാണ് മഴ സാരമായി ബാധിച്ചത്. കണ്ണൂരും മലപ്പുറത്തും കോഴിക്കോടും ഉരുള്‍ പൊട്ടി. മലയോര മേഖലകളെല്ലാം ഉരുള്‍പ്പൊട്ടല്‍ ഭീഷണിയിലാണ്. നിലമ്പൂരില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ നിരവധി പേരെ രക്ഷപ്പെടുത്തി. ആയിരത്തിലേറെ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പാലക്കാടും വയനാടുമായി രണ്ട് പേര്‍ മരിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി മലങ്കര ഡാമുകള്‍ തുറന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പത്ത് കമ്പനി ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.

Last updated

ദുരിതാശ്വാസ ക്യാമ്പുകളില്‍ 5469 പേര്‍

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 85 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 5469 പേരാണ് ക്യാമ്പുകളിലുള്ളത്. വയനാട്ടില്‍ മാത്രം 73 ക്യാമ്പുകളാണ് തുറന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കരസേനയുടെ ഒരു സംഘം വയനാട്ടിലേക്ക് തിരിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ആളുകള്‍ മാറി താമസിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Last updated

അടിയന്തര സാഹചര്യവും നേരിടുന്നതിന് സജ്ജരായിരിക്കാന്‍ ബെഹ്റയുടെ നിര്‍ദ്ദേശം

സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് സജ്ജരായിരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

Last updated

അട്ടപ്പാടി ചുരം റോഡില്‍ ഗതാഗത നിയന്ത്രണം

അട്ടപ്പാടി ചുരം റോഡില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വൈകുന്നേരം ആറ് മണി മുതല്‍ പുലര്‍ച്ചെ 6 മണി വരെ ഗതാഗതം നിര്‍ത്തി വെക്കുമെന്ന്ഒറ്റപ്പാലം സബ്കലക്ടര്‍ അറിയിച്ചു.

Last updated

എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു

എറണാകുളത്ത് ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കോതമംഗലം കുട്ടമ്പുഴയില്‍ മണികണ്ഠന്‍ചാല്‍ സി.എസ്.ഐ ചര്‍ച്ചില്‍ 5 കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്.

പ്രളയഭീതി വിതച്ച് പെരുമഴ; 10 മരണം, മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍, നെടുമ്പാശ്ശേരി വിമാനത്താവളം താത്ക്കാലികമായി അടച്ചു  Live Blog

Last updated

നിലമ്പൂരില്‍ വീടുകളില്‍ വെള്ളം കയറി; ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു

നിലമ്പൂരിലും കനത്ത മഴ തുടരുകയാണ്. വീടുകളില്‍ വെള്ളം കയറി. ആളുകളെ മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി വിച്ഛേദിക്കപ്പെട്ട വൈദ്യുതി ബന്ധം ഇതുവരെ പുനഃസ്ഥാപിക്കപ്പെട്ടില്ല. നിലമ്പൂര്‍ ശരിക്കും ഒറ്റപ്പെട്ട നിലയിലാണ്.

Last updated

കോഴിക്കോട് ജില്ലയില്‍ 236 ആളുകളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് ജില്ലയിൽ ആറ് ക്യാമ്പുകളിലായി 236 ആളുകളെ മാറ്റിപ്പാർപ്പിച്ചു. മാവൂരിൽ കച്ചേരിക്കുന്ന് സാംസ്കാരിക നിലയത്തിൽ 10 കുടുംബങ്ങളിലായി 30 പേരെയും മേച്ചേരിക്കുന്ന് അങ്കണവാടിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെയും മാവൂർ ഒറ്റപ്ലാക്കൽ ഷംസുവിന്റെ വീട്ടിൽ തുടങ്ങിയ ക്യാമ്പിൽ 25 കുടുംബങ്ങളിലെ 45 ആളുകളെയും ആണ് മാറ്റി പാർപ്പിച്ചത്.

പ്രളയഭീതി വിതച്ച് പെരുമഴ; 10 മരണം, മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍, നെടുമ്പാശ്ശേരി വിമാനത്താവളം താത്ക്കാലികമായി അടച്ചു  Live Blog

Last updated

കാസര്‍കോട് ജില്ലയിലും കനത്ത മഴ

കാസർകോട് ജില്ലയിൽ മലയോര മേഖലകളിൽ കനത്ത മഴ .ശക്തമായ കാറ്റും വാശിയടിക്കുന്നുണ്ട്. മലയോര മേഖലകളിൽ ആണ് ഏറെ നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. വെള്ളരിക്കുണ്ട് താലൂക്കിൽ അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. ഈ മേഖലകളിൽ വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.

ശക്തമായി വീശിയടിച്ച കാറ്റിൽ നിരവധി ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധവും താറുമാറായ അവസ്ഥയിലാണ്. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ . മണ്ണിടിച്ചൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്.

Last updated

മഴയില്‍ മുങ്ങി ഇടുക്കി; ടൂറിസം കേന്ദ്രങ്ങള്‍ വെള്ളത്തിനടിയില്‍

ഇടുക്കിയില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. ടൂറിസം കേന്ദ്രങ്ങള്‍ വെള്ളത്തിനടിയിലാണ്. മൂന്നാറിനെയും മറയൂരിനെയും ബന്ധിപ്പിക്കുന്ന പെരിയവാരൈയിലെ താല്‍ക്കാലിക പാലം മലവെള്ളപാച്ചിലില്‍ തകര്‍ന്നു.

മൂന്നാറിലെ ഇക്കാനഗര്‍ കോളനി , തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളിലും വെള്ളം കയറി. ചെറുതോണി നേര്യമംഗലം പാതയില്‍ കീരിത്തോട് ഉരുള്‍പൊട്ടി. കട്ടപ്പന കുന്തളംപാറയില്‍ ഉരുള്‍പൊട്ടി ഒരു വീട് തകര്‍ന്നു. മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി. ചുരുളി, വണ്ടിപ്പെരിയാര്‍ ,പീരുമേട് മേഖലകളില്‍ മണ്ണിടിച്ചിലുണ്ടായി. പന്നിയാര്‍കുട്ടിയിലും വലിയ മണ്ണിടിച്ചിലുണ്ടായി.

Last updated

പമ്പയില്‍ ജലനിരപ്പ് ഉയരുന്നു; 400 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

പത്തനംതിട്ട അറയാഞ്ഞിലിമണ്ണിൽ ചപ്പാത്ത് മുങ്ങി നാനൂറ് കുടുംബങ്ങൾ ഒറ്റപ്പെട്ടു. പമ്പയിൽ ജലനിരപ്പ് ഉയരുന്നതാണ് കാരണം.

Last updated

താമരശ്ശേരിയില്‍ 34 കുടുംബങ്ങളിലായി 152 പേരെ മാറ്റിപ്പാര്‍പ്പിച്ചു

താമരശ്ശേരി രാരോത്ത് 34 കുടുംബങ്ങളിലായി 152 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മാവൂരില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 60 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

Last updated

വീട് ഒഴിയുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

വയനാട് കനത്ത മഴ തുടരുന്നു.പലയിടങ്ങളിലും മണ്ണിടിച്ചിലും ഉണ്ടായി.10 ദുരിതാശ്വാസ ക്യാമ്പുകളിലായി 650ല്‍ അധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ പനമരത്ത് ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. 24 കാരനായ മുത്തുവാണ് മരിച്ചത്.

Last updated

കനത്ത മഴ തുടരുന്നു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കണ്ണൂരും മലപ്പുറത്തും കോഴിക്കോടും ഉരുള്‍പൊട്ടലുണ്ടായി. പുഴകളില്‍ ജലനിരപ്പ് ഉയരുകയാണ്. ഭവാനിപ്പുഴ നിറഞ്ഞു കവിഞ്ഞു. മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു. മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു.

Last updated