LiveTV

Live

Kerala

പ്രളയ ദുരന്തത്തില്‍ നിന്നും ഇനിയും കരകയറാനാവാതെ കുഴൂരിലെ ഗ്രാമീണര്‍ 

അതിജീവിക്കാന്‍ കഠിന പ്രയത്നത്തിലാണ് ഗ്രാമീണ ജനത. സാധാരണ ജീവിതത്തിലേക്കെത്താന്‍ ഇനിയും ഏറെ നാള്‍ വേണ്ടി വരുമെന്ന തിരിച്ചറിവോടെ..

പ്രളയ ദുരന്തത്തില്‍ നിന്നും ഇനിയും കരകയറാനാവാതെ കുഴൂരിലെ ഗ്രാമീണര്‍ 

സംസ്ഥാനത്ത് പ്രളയം ഏറ്റവും നാശവും ഭീതിയും വിതച്ച പ്രദേശങ്ങളിലൊന്നാണ് തൃശൂര്‍ ജില്ലയിലെ കുഴൂര്‍ പഞ്ചായത്ത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് അവസാനം വരെ എത്തിച്ചേരാന്‍ സാധിക്കാത്ത തരത്തില്‍ പൂര്‍ണ്ണമായും മുങ്ങിപ്പോയിരുന്നു കുഴൂരിലെ പകുതിയോളം പ്രദേശങ്ങള്‍. പ്രളയ ദുരന്തത്തെ അതിജീവിക്കാനാവാതെ വലയുകയാണ് ഇന്നും കുഴൂരിലെ ഗ്രാമീണ ജനത.

തൃശൂരില്‍ മാളക്കടുത്താണ് കുഴൂര്‍. കാര്‍ഷിക വൃത്തിയിലൂടെയും കന്നുകാലി പരിപാലനത്തിലൂടെയും അതാത് ദിവസത്തെ അന്നം തേടുന്ന സാധാരണക്കാര്‍ ജീവിക്കുന്ന ഗ്രാമീണ മേഖല. ഇവരുടെ സകല ജീവിത മാര്‍ഗങ്ങളും തകര്‍ത്താണ് പ്രളയം അപ്രതീക്ഷിതമായി കടന്നെത്തിയത്. പ്രളയത്തിന് മുന്‍പ് കുഴൂരിലെ പച്ചക്കറികള്‍ വിദേശത്തേക്ക് വരെ കയറ്റി അയച്ചിരുന്നു. ഇന്ന് പച്ചക്കറി തോട്ടങ്ങള്‍ കുഴൂരില്‍ കാണാനില്ല. 10 ഹെക്ടറിലെ പച്ചക്കറി പൂര്‍ണ്ണമായും നശിച്ചു. 30 ഹെക്ടറിലെ നെല്ലും 15000 വാഴകളും പ്രളയത്തില്‍ മുങ്ങി.

പശ്ചാത്തല മേഖലയേയും വലിയ രീതിയിലാണ് പ്രളയം ബാധിച്ചത്. റോഡുകളെല്ലാം തകര്‍ന്ന് തരിപ്പണമായി. അതിജീവിക്കാനുള്ള കഠിന പ്രയത്നത്തിലാണ് ഇന്ന് കുഴൂരുകാര്‍. പശുവും പോത്തും ആടും കോഴികളും ഇങ്ങനെ ജീവനുകള്‍ പലതും പ്രളയത്തോടൊപ്പം ചേര്‍ന്ന് ഒഴുകിയപ്പോള്‍ സാധാരണക്കാരായ കുഴൂരുകാരുടെ ജീവിതമാര്‍ഗം കൂടിയാണ് അന്ന് ഒഴുകിപ്പോയത്. അതിജീവിക്കാന്‍ കഠിന പ്രയത്നത്തിലാണ് ഗ്രാമീണ ജനത. സാധാരണ ജീവിതത്തിലേക്കെത്താന്‍ ഇനിയും ഏറെ നാള്‍ വേണ്ടി വരുമെന്ന തിരിച്ചറിവോടെ..