LiveTV

Live

Kerala

‘ആശങ്കപ്പെടേണ്ട കാര്യമില്ല’

കനത്ത മഴയുടെ സാഹചര്യത്തിൽ ഏതൊരു ചെറിയ പ്രശ്‌നവും ഗൗരവമായി കാണുമെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

‘ആശങ്കപ്പെടേണ്ട കാര്യമില്ല’

സംസ്ഥാനത്തെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത നിവാരണ അതോറിറ്റിയുടെ ഓഫീസ് സന്ദർശിച്ച് പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതല യോഗം വിലയിരുത്തി. അടിയന്തിര സാഹചര്യം നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികൾ കര കവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്നും ഈ ജില്ലകളിൽ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷൻ (CWC) മുന്നറിയിപ്പ് നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഈ നദിക്കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കാൻ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശമുണ്ട്.

കനത്ത മഴയുടെ സാഹചര്യത്തിൽ ഏതൊരു ചെറിയ പ്രശ്‌നവും ഗൗരവമായി കാണുമെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനം സന്ദർശിച്ച് സംസ്ഥാനത്തെ മഴയെത്തുടർന്നുണ്ടായ സാഹചര്യം വിലയിരുത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രാത്രി സഞ്ചരിക്കാനാവുന്ന ഹെലികോപ്റ്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇത് ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് മാറി താമസിക്കണമെന്ന് ജനങ്ങളോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

13,000 ഓളം പേർ വിവിധ ക്യാമ്പുകളിലുണ്ട്. ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തനിവാരണ ആസ്ഥാനത്ത് നടന്ന യോഗത്തിൽ ഓരോ ജില്ലയിലെയും സ്ഥിതി ചീഫ് സെക്രട്ടറിയുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയോട് വിശദീകരിച്ചു.

യോഗത്തിൽ ചീഫ് സെക്രട്ടറിക്ക് പുറമേ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ്, എയർഫോഴ്‌സ്, പോലീസ്, ഉൾപ്പെടെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളും, മറ്റ് ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.