LiveTV

Live

Kerala

വയനാട്ടിൽ അതി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

ഗ്രാമീണ റോഡുകളിൽ വെള്ളം കയറിയതിനാൽ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു.

വയനാട്ടിൽ അതി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

കനത്ത മഴ തുടരുന്ന വയനാട്ടിൽ അതി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. രാത്രിയിൽ മഴ ശക്തിപ്പെടുമെന്ന് മുന്നറിയിപ്പ്. നാളെ രാവിലെ കാരാപ്പുഴ ഡാം ഷട്ടറുകൾ തുറക്കുന്നതോടെ ഒന്നരമീറ്റർ ജലവിതാനം ഉയരുമെന്നും മുന്നറിയിപ്പ്.

കഴിഞ്ഞ 24 മണിക്കൂറിനകം 204.3 മില്ലിമീറ്റർ മഴയാണ് വയനാട്ടിൽ ലഭിച്ചത്. രാത്രിയോടെ മഴ വീണ്ടും കനക്കുമെന്നും മലയോരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം എന്നുമാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളം കയറി. ഗ്രാമീണ റോഡുകളിൽ വെള്ളം കയറിയതിനാൽ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു.

മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും ഒറ്റപ്പെട്ടു പോയ ആദിവാസി ഊരുകളിൽ നിന്ന് രക്ഷാപ്രവർത്തകർ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ജില്ലയിൽ 73 ക്യാമ്പുകളിലായി 4793 പേരാണ് നിലവിലുള്ളത്. കണ്ണൂരിൽനിന്നുള്ള കരസേന വിഭാഗം വയനാട്ടിലും കുടകിലും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. വൈകിട്ട് ആറുമണിക്ക് എത്തുന്ന സൈനിക സംഘത്തിന് പുറമേ എൻ.ഡി.ആർ.എഫ് പ്രത്യേക വിഭാഗം രാത്രിയോടെ വയനാട്ടിലെത്തും. മഴ കനത്തതോടെ ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. കാരാപ്പുഴ ഡാമിന്‍റെ ഷട്ടറുകൾ രാവിലെ എട്ടു മണിക്ക് തുറക്കും. ഇതോടെ ജലവിതാനം ഒന്നര മീറ്റർ കൂടി ഉയരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നതിനിടെ പനമരം കാക്കത്തോട് കോളനിയിൽ യുവതി കുഴഞ്ഞുവീണു മരിച്ചു. വീടുകൾക്ക് മേൽ മണ്ണിടിഞ്ഞും മരം വീണും വ്യാപക നാശനഷ്ടം ഉണ്ടായെങ്കിലും വേറെ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. താമരശ്ശേരി ചുരത്തിലും പാൽ ചുരത്തിലും ഗതാഗതം തുടർച്ചയായി തടസ്സപ്പെട്ടിരുന്നു. മേപ്പാടി മേഖലയിലും സുഗന്ധഗിരിയിലും വെള്ളമുണ്ട പ്രദേശത്തും മണ്ണിടിച്ചിൽ വ്യാപകമാണ്.