LiveTV

Live

Kerala

മഴ; ഇടുക്കിയില്‍ മൂന്ന് മരണം

പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം

മഴ; ഇടുക്കിയില്‍ മൂന്ന് മരണം

ഇടുക്കി ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ മൂന്ന് മരണം. ചിന്നക്കനാലില്‍ മണ്ണിടിഞ്ഞ് പിഞ്ചുകുഞ്ഞും മറയൂരില്‍ ഒഴുക്കില്‍പ്പെട്ട് 75കാരിയും മരിച്ചു. മഴക്കെടുതിയില്‍ ഒരു അയല്‍സംസ്ഥാന തൊഴിലാളിയും മരിച്ചു.

മൂന്നാറിന്‍റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിലായി. വാത്തിക്കുടി, കുന്തളംപാറ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി വീടുകള്‍ തകര്‍ന്നു. കല്ലാര്‍കുട്ടി, മലങ്കര, ഉള്‍പ്പെടെ നാല് ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി.

ജില്ലയില്‍ വിവിധ ക്യാമ്പുകളിലായി 116 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചിന്നക്കനാലില്‍ തോട്ടംതൊഴിലാളികളായ രാജശേഖരന്‍ - നിത്യ ദമ്പതികളുടെ മകള്‍ ഒരു വയസുകാരി മഞ്ജുശ്രീയാണ്, ഇവര്‍ താമസിച്ചിരുന്ന ലയത്തിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചത്. മണ്ണ് നീക്കി കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു.

മറയൂരില്‍ പാമ്പാര്‍ മുറിച്ച് കടക്കുന്നതിനിടെ ജലനിരപ്പ് ഉയര്‍ന്ന് ഒഴുക്കില്‍പ്പെട്ടാണ് എഴുപത്തിയഞ്ച് വയസുകാരി ജ്യോതി മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ ഷെഡ് ദേഹത്ത് പതിച്ച് ചികില്‍സയിലായിരുന്ന ഒഡീഷ്യ സ്വദേശിയായ ഇതരസ്ഥാനതൊഴിലാളിയും ഇന്ന് മരിച്ചു. മൂന്നാറിലെ നല്ലതണ്ണയാറിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ മൂന്നാര്‍ മറയൂര്‍ ഉദുമല്‍പേട്ട പാതയെ ബന്ധിപ്പിക്കുന്ന പെരിയവാരൈ താല്‍കാലിക പാലം പൂര്‍ണമായും തകര്‍ന്നു.

ഇക്കാനഗര്‍ കോളനി, തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ എന്നിവ പലയിടങ്ങളിലും വെള്ളത്തിലായി. കട്ടപ്പന കുന്തളംപാറയിലും, വാത്തിക്കുടി പഞ്ചായത്തിലെ തെറ്റാലികടയിലും ഉരുള്‍പൊട്ടി രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കീരിത്തോട്, ഉപ്പുതോട്, രാജകുമാരി മഞ്ഞക്കുഴി എന്നിവിടങ്ങളിലും ഉരുള്‍പൊട്ടി.

ചുരുളി, പന്നിയാര്‍കുട്ടി എന്നിവിടങ്ങളില്‍ വലിയ മണ്ണിടിച്ചിലുണ്ടായി. പെരിയാര്‍ കര കവിഞ്ഞതോടെ കട്ടപ്പന കോട്ടയത്തെ ബന്ധിപ്പിക്കുന്ന ഉപ്പുതറ ചപ്പാത്ത് പൂര്‍ണമായും വെള്ളത്തിലായി. ജില്ലയിലെ ചെറുഡാമുകളായ കല്ലാര്‍കുട്ടി, പാംബ്ല, കല്ലാര്‍, മലങ്കര എന്നിവയുടെ ഷട്ടറുകള്‍ ഉയര്‍ത്തി. പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ഹൈറേഞ്ചിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം 11തീയതി വരെ കലക്ടര്‍ നിരോധിച്ചു.