LiveTV

Live

Kerala

രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന പി.എസ്.സി അംഗങ്ങൾ പാർട്ടികൾ നിർദ്ദേശിക്കുന്നവരെ തിരഞ്ഞെടുക്കുന്നു: റവല്യൂഷണറി യൂത്ത്

പരീക്ഷാ ജോലി നിർവഹിച്ച ഏതാനും പേരെ ബലിയാടാക്കി, എല്ലാം ഭദ്രമെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിലാണ് സർക്കാരും പി.എസ്.സിയും.

രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന പി.എസ്.സി അംഗങ്ങൾ പാർട്ടികൾ നിർദ്ദേശിക്കുന്നവരെ തിരഞ്ഞെടുക്കുന്നു: റവല്യൂഷണറി യൂത്ത്

കേരള പബ്ലിക് സർവ്വീസ് കമ്മീഷനുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് റവല്യൂഷണറി യൂത്ത് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പി.എസ്.സി നടത്തിയ സിവിൽ പൊലീസ് ഓഫീസർ പരീക്ഷയെപ്പറ്റി ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവരങ്ങൾ വളരെ ഗൗരവമുള്ളതാണ്. ക്രമക്കേടുകളുടെ എത്രയോ ചെറിയ ഭാഗം മാത്രമാണ് പുറത്തറിഞ്ഞിട്ടുള്ളതെന്നാണ് സൂചന.

കേരളത്തിലെ പി.എസ്.സിയെ പറ്റി പൊതുവിൽ ഉദ്യോഗാർത്ഥികൾക്കിടയിലും ജനങ്ങൾക്കിടയിലുമുണ്ടായിരുന്ന വിശ്വാസ്യത ഉപയോഗിച്ചാണ് കൊടിയ അഴിമതി നടത്തിയിരിക്കുന്നത്. നേരത്തെ തന്നെ പി.എസ്.സിയുടെ ഇന്റർവ്യൂകളിൽ തികഞ്ഞ അഴിമതിയാണ് നടമാടുന്നതെന്ന് ആക്ഷേപമുണ്ട്. രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന പി.എസ്.സി അംഗങ്ങൾ, പാർട്ടികൾ നിർദ്ദേശിക്കുന്ന ഉദ്യോഗാർത്ഥികളെയാണ് ഇന്റർവ്യൂ വഴി തെരഞ്ഞെടുക്കുന്നതെന്ന് പരിശോധിച്ചാൽ വ്യക്തമാകും. എന്നാൽ ഏറെക്കുറെ വിശ്വാസ്യതയുണ്ടായിരുന്ന എഴുത്തുപരീക്ഷയിലും കടുത്ത ക്രമക്കേടുകളാണ് നടക്കുന്നതെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. ലക്ഷക്കണക്കിന് തൊഴിൽ രഹിതരെ വഞ്ചിക്കുകയാണ് അധികൃതർ ചെയ്തിരിക്കുന്നത്. യുവജനങ്ങളെ നിരാശയിലേയ്ക്ക് വലിച്ചെറിയുകയാണിതിന്റെ ഫലം.

പരീക്ഷാ ജോലി നിർവഹിച്ച ഏതാനും പേരെ ബലിയാടാക്കി, എല്ലാം ഭദ്രമെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിലാണ് സർക്കാരും പി.എസ്.സിയും. എന്നാൽ ഇതിൽ ഇവർ കുറ്റവാളികളാണ്. തങ്ങളുടെ കക്ഷി താല്പര്യങ്ങൾ ഭയഭക്തിയോടെ അനുഷ്ഠിക്കുന്നവരെ പി.എസ്.സി അംഗങ്ങളാക്കിയതും അവരെ ഉപയോഗിച്ച് പരീക്ഷയിലും റാങ്ക് ലിസ്റ്റിലും അട്ടിമറി നടത്തുന്നതിനുള്ള സൗകര്യമൊരുക്കിയതും സർക്കാർ തന്നെയാണ്. യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ അഴിഞ്ഞാട്ടവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഈ തട്ടിപ്പ് പുറത്തുവന്നത്. എന്നാൽ പി.എസ്.സി അഴിമതി പൊലീസ് പരീക്ഷയിൽ മാത്രമൊതുങ്ങുന്നതല്ല എന്ന് തീർച്ചയാണ്. ഈ സാഹചര്യത്തിൽ "ജോലി മതി" എന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നടത്തുന്ന ജാഥ പരിഹാസ്യമായി തീർന്നിരിക്കുന്നു. ജാഥ പിരിച്ചുവിട്ട് ഉദ്യോഗാർത്ഥികളോടും ജനങ്ങളോടും മാപ്പു പറയുകയാണ് ഡി.വൈ.എഫ്.ഐ ചെയ്യേണ്ടത്.

കേരള സർവകലാശാലയിലെ അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം - ഡി.വൈ.എഫ്.ഐ നേതൃത്വം നടത്തിയ അഴിമതി നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ ആ കാര്യങ്ങളിലൊന്നും ഫലപ്രദമായ അന്വേഷണമോ നടപടിയോ ഉണ്ടായില്ല. എൽ.ഡി.എഫ് ഭരണത്തിൽ പി.എസ്.സി അംഗങ്ങളേയും ക്രമക്കേടു നടത്തുന്നവരേയും നിയന്ത്രിക്കുന്നത് എ.കെ.ജി സെന്ററാണെന്ന് അറിയാത്തവരായി മലയാളികളിൽ ആരും തന്നെയില്ല. മെഡിക്കൽ എൻട്രൻസ് പരീക്ഷയുടെ തുടക്കം കുറിക്കലിന് കാരണമായ മാർക്ക് തിരിമറിയുമായി ബന്ധപ്പെട്ട് കരുണാകരൻ സർക്കാരിനെതിരായി നടന്ന പ്രതിഷേധങ്ങൾ എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ - സി.പി.ഐ.എം മറന്നു കാണാനിടയില്ല. രണ്ടോ മൂന്നോ മാർക്കിന്റെ ക്രമക്കേട് നടന്ന സംഭവത്തെ വലിയ രാഷ്ട്രീയ സമരമായി ഉയർത്തിക്കൊണ്ട് വന്ന സി.പി.ഐ.എമ്മും പോഷക സംഘടനകളും അതിനേക്കാൾ ഗൗരവമുള്ള വിഷയത്തിൽ ന്യായീകരണ തൊഴിലാളികളായി മാറുകയാണ്.

അതുകൊണ്ട് ഇപ്പോൾ പുറത്തു വന്ന അഴിമതിയുടെ വെളിച്ചത്തിൽ കഴിഞ്ഞ പത്ത് വർഷത്തെയെങ്കിലും പി.എസ്.സി പരീക്ഷയും റാങ്ക് ലിസ്റ്റും സ്വതന്ത്ര ഏജൻസിയെക്കൊണ്ട് സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണം. ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടി പ്രതിസ്ഥാനത്ത് നിൽക്കുമ്പോൾ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് സെൻട്രൽ വിജിലൻസ് ഏജൻസിയോ, സി.ബി.ഐയോ അന്വേഷിക്കണമെന്നും റവല്യൂഷണറി യൂത്ത് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.