LiveTV

Live

Kerala

പല ജില്ലകളിലും ശക്തമായ മഴ

ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുകയാണ്.

പല ജില്ലകളിലും ശക്തമായ മഴ

സംസ്ഥാനത്ത് പല ജില്ലകളിലും ശക്തമായ മഴ. കോഴിക്കോട് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി . ജില്ലയിൽ നാല് കൺട്രോൾ റൂമുകൾ തുറന്നു. വിവിധ ഇടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി നൽകി. ഇടുക്കിയില്‍ കല്ലാര്‍കുട്ടി, മലങ്കര, പാമ്പള ഡാമുകള്‍ തുറന്നു. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുകയാണ്.

ഇന്നലെ ആരംഭിച്ച മഴ പലയിടത്തും തുടരുകയാണ്. കോഴിക്കോട് മാവൂരിൽ ആയംകുളം കച്ചേരിക്കുന്നിൽ മൂന്ന് വീടുകളിൽ വെള്ളം കയറി. ഇവരെ ബന്ധുവീടുകളിലേക്ക് മാറ്റിപാർപ്പിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ് പാലം വെള്ളത്തിൽ മുങ്ങി. ദേശീയപാതയിൽ പുതുപ്പാടി ഈങ്ങാപ്പുഴ ഭാഗത്ത് വെള്ളം കയറി. ഇരുവഞ്ഞി പുഴയും ചാലിപ്പുഴയും കരകവിഞ്ഞൊഴുകി.

വയനാട് മീനങ്ങാടി പഞ്ചായത്തിലെ ഒലിവയൽ കോളനിയിലെ 8 കുടുംബങ്ങളെ കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് മാറ്റിപാർപ്പിച്ചു. മുത്തങ്ങയിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിൽ മരം വീണു. ഇടുക്കിയില്‍ മലയോരമേഖലകളില്‍ മഴ തുടരുകയാണ്. എറണാകുളം, ഇടുക്കി‌, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുകയാണ്.