LiveTV

Live

Kerala

സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസ സഭയില്‍ നിന്ന് പുറത്താക്കി

കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചായിരുന്നു നോട്ടീസ്.

സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസ സഭയില്‍ നിന്ന് പുറത്താക്കി

സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ സന്യാസ സഭയില്‍ നിന്ന് പുറത്താക്കി. ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് നടപടി. ഭീഷണിപ്പെടുത്തിയാണ് സഭ കത്ത് ഒപ്പിട്ട് വാങ്ങിയതെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു.

ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് എഫ്.സി.സി സഭ തുടര്‍ന്നുവരുന്ന നടപടികളുടെ തുടര്‍ച്ചയായാണ് സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയത്. മെയ് 11ന് ലൂസിയെ പുറത്താക്കിയിട്ടുണ്ടെന്ന് വിശദീകരിക്കുന്ന കത്താണ് നല്‍‍കിയത്. 10 ദിവസത്തിനകം സഭയില്‍ നിന്ന് പുറത്ത് പോകണം. എന്തെങ്കിലും പറയാനുണ്ടെങ്കിലും 10 ദിവസത്തിനകം പറയണം. 10 ദിവസം കഴിയുന്നതോടെ സഭയില്‍ യാതൊരു അവകാശവും ലൂസിക്കുണ്ടാവില്ല. ഇതിനാല്‍ സ്വമേധയാ പുറത്തുപോകണമെന്നാണ് അന്ത്യ ശാസനം. എന്നാല്‍ തന്‍റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും ഇത്ര പെട്ടെന്ന് പ്രതികാര നടപടി പ്രതീക്ഷിച്ചില്ലെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു. തന്നെ ഭീഷണിപ്പെടുത്തിയാണ് സഭ കത്ത് ഒപ്പിട്ട് വാങ്ങിയതെന്നും ലൂസി പറഞ്ഞു.

രണ്ട് മാസമായി സഭയില്‍ നിന്ന് നേരിടുന്നത് കടുത്ത മാനസിക സമ്മര്‍ദ്ദമാണെന്നും ഭക്ഷണം പോലും വിലക്കിയിരുന്നതായും സിസ്റ്റര്‍ ലൂസി പറഞ്ഞു. സഭയ്ക്ക് വേണ്ടി എല്ലാം ത്യജിച്ച താന്‍ എവിടെപ്പോകും. സഭ തിരുത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും ലൂസി പറഞ്ഞു.