LiveTV

Live

Kerala

അതിവേഗറെയില്‍പാതക്ക് മന്ത്രിസഭ അംഗീകാരം

തിരുവനന്തപുരം മുതല്‍ എറണാകുളം വരെ യാത്രാസമയം ഒന്നര മണിക്കൂറാണ്. കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് സ്റ്റേഷനുകള്‍

അതിവേഗറെയില്‍പാതക്ക് മന്ത്രിസഭ അംഗീകാരം

നാലുമണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോടു വരെ യാത്ര ചെയ്യാവുന്ന അതിവേഗ റെയില്‍ ഇടനാഴി പദ്ധതിക്ക് മന്ത്രിസഭായോഗം അനുമതി നല്‍കി. വിശദമായ സാധ്യതാപഠനത്തിനും ഗതാഗത പഠനത്തിനും ശേഷം ലാഭകരമായി നടപ്പാക്കാമെന്ന് കണ്ടെത്തിയ പദ്ധതി 2024-ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷനാണ് പാതയുടെ നിര്‍മാണ ചുമതല.

ഭൂമി ഏറ്റെടുക്കുന്നതിനടക്കം 66,079 കോടി രൂപയാണ് പദ്ധതി ചെലവ്. ആറുവരി ദേശീയപാതയുടേതിനു തുല്യമായ എണ്ണം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ഇരട്ടവരി റെയില്‍ ഇടനാഴിക്കു കഴിയും. തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്ന് കാസര്‍കോടു വരെ 532 കിലോമീറ്ററില്‍ പൂര്‍ത്തിയാക്കുന്ന റെയില്‍പാതയിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ഓടും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ യാത്രാസമയം ഒന്നര മണിക്കൂറാണ്.

11ജില്ലകളിലൂടെ കടന്നുപോകുന്ന പാതക്ക് പത്ത് സ്റ്റേഷനുകളാണ് ഉണ്ടാവുക. കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് സ്റ്റേഷനുകള്‍. തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങള്‍ പാതയുടെ പരിധിയില്‍ വരും. സ്ഥലമെടുപ്പ് ഒഴിവാക്കാനും ചെലവു കുറയ്ക്കാനുമായി നഗരങ്ങളില്‍ ആകാശപാതയായിട്ടാണ് പദ്ധതി കേരള റെയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം-എറണാകുളം യാത്രാസമയം ഒന്നര മണിക്കൂറാണ്.

തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ നിലവിലെ റെയില്‍ പാതയില്‍ നിന്നും മാറിയാണ് നിര്‍ദിഷ്ട റെയില്‍ ഇടനാഴി നിര്‍മ്മിക്കുക. എന്നാല്‍ തിരൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലെ റെയില്‍ പാതക്ക് സമാന്തരമായിരിക്കും പുതിയ റെയില്‍പാത നിര്‍മ്മിക്കുക. ഓരോ 500മീറ്ററിലും ക്രോസിംങ് സൗകര്യമുണ്ടായിരിക്കും. അരലക്ഷത്തോളം പേര്‍ക്ക് റെയില്‍ ഇടനാഴി നിര്‍മ്മാണത്തിലൂടെ തൊഴില്‍ ലഭിക്കും. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 11000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.