LiveTV

Live

Kerala

യുവ സംവിധായകനെ തട്ടിക്കൊണ്ടുപോയതായി പരാതി

തൃശൂർ ചിയ്യാരം സ്വദേശി നിഷാദ് ഹസ്സനെ തട്ടിക്കൊണ്ടു പോയതായാണ് ഭാര്യ പ്രതീക്ഷ പരാതി നല്‍കിയത്

 യുവ സംവിധായകനെ തട്ടിക്കൊണ്ടുപോയതായി പരാതി

യുവ സംവിധായകൻ നിഷാദ് ഹസ്സനെ തട്ടിക്കൊണ്ടു പോയതായി ഭാര്യയുടെ പരാതി. തങ്ങൾ ഇരുവരും ഗുരുവായൂരിലേക്ക് പോകുമ്പോൾ മറ്റൊരു കാറിൽ പിന്തുടർന്ന് എത്തിയ സംഘം നിഷാദിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നു നിഷാദിന്റെ ഭാര്യ പ്രതീക്ഷ പറഞ്ഞു. മർദ്ദനമേറ്റ പ്രതീക്ഷ പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

ഇന്ന് പുലർച്ചെ ആണ് സംഭവം. തൃശൂർ മുള്ളൂർ കായലിന് സമീപം വെച്ച് പിറകെ വന്ന കാർ തങ്ങളുടെ കാറിനെ ഇടിച്ചു തെറിപ്പിക്കാൻ നോക്കി. പിന്നീട് ഇരുവരെയും മർദിച്ചു. നിഷാദിനെ പിടിച്ചു അവരുടെ വാഹനത്തിൽ കയറ്റുകയായിരുന്നു- പ്രതീക്ഷ പറഞ്ഞു.

മർദ്ദനമേറ്റ പ്രതീക്ഷ പുലർച്ചെ ത്യശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. 10 മണിയോടെ ആശുപത്രി വിട്ടു. പേരാമംഗലം പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിക്കും പോലീസ് വിവരം കൈമാറിയിട്ടുണ്ട്.

നിഷാദിന്റെ ആദ്യ ചിത്രമായ വിപ്ലവം ജയിക്കാനുള്ളതാണ് കഴിഞ്ഞ വെള്ളിയാഴ്ച ആണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ആദ്യ നിർമാതാവും നിഷാദും തമ്മിൽ ചില സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സൂചന. മറ്റൊരു നിർമാതാവിനെ വെച്ചാണ് നിഷാദ് ചിത്രം പൂർത്തിയാക്കിയത്.