LiveTV

Live

Kerala

പി.എസ്.സി പരീക്ഷാ തട്ടിപ്പിന് എസ്.എഫ്.ഐ നേതാക്കളെ സഹായിച്ചത് ബന്ധുവെന്ന് സൂചന

പരീക്ഷക്കിടെ ശിവരഞ്ജിത്തിന് ലഭിച്ചത് 96 എസ്.എം.എസുകള്‍. പ്രണവിന് 78. ഇരുവര്‍ക്കും പല നമ്പരുകളില്‍ നിന്ന് എസ്.എം.എസ് വന്നു

പി.എസ്.സി പരീക്ഷാ തട്ടിപ്പിന് എസ്.എഫ്.ഐ നേതാക്കളെ സഹായിച്ചത് ബന്ധുവെന്ന് സൂചന

എസ്.എഫ്.ഐ നേതാക്കള്‍ക്ക് പി.എസ്.സി പരീക്ഷാ തട്ടിപ്പിന് സഹായിച്ചത് പ്രതികളിലൊരാളുടെ ബന്ധുക്കള്‍ തന്നെയെന്ന് സൂചന. റാങ്ക് ലിസ്റ്റിലെ രണ്ടാമനും കോളജ് യൂണിയന്‍ ഭാരവാഹിയുമായ പ്രണവിന്റെ അമ്മയുടെയും ബന്ധുക്കളുടെയും മൊബൈല്‍ നമ്പരില്‍ നിന്നാണ് ഇവര്‍ക്ക് ഉത്തരങ്ങള്‍ എസ്.എം.എസായി ലഭിച്ചത്.

പരീക്ഷക്കിടെ ശിവരഞ്ജിത്തിന് ലഭിച്ചത് 96 എസ്.എം.എസുകള്‍. പ്രണവിന് 78. ഇരുവര്‍ക്കും പല നമ്പരുകളില്‍ നിന്ന് എസ്.എം.എസ് വന്നു. ഇതില്‍ ഒരു നമ്പരിലേക്ക് ഞങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ മറുപടി ഇതാണ്.

'പ്രണവിന്റെ സ്വന്തം അമ്മേടെ നമ്പരാണിത്. അമ്മേടെ നമ്പരീന്ന് മെസേജ് വന്നെന്ന് പറഞ്ഞ് വിളിക്കുമ്പ ഒന്ന് അന്വേഷിക്കണ്ടേ സുഹൃത്തെ എല്ലാരേം നമ്പരിലേക്ക് കോള്‍ വരുന്നുണ്ടെന്ന് പ്രണവിന്റെ റിലേറ്റീവ്‌സ് പറഞ്ഞാരുന്ന്.

ചോദ്യം - നിങ്ങളുടെ ഫോണില്‍ നിന്ന് എസ്.എം.എസ് അയച്ചൂന്നാണ് പി.എസ്.സി ചെയര്‍മാന്‍ പറഞ്ഞത്. അത് നിങ്ങള്‍ തള്ളുകയാണോ?

ഉത്തരം - എപ്പഴാണ് എങ്ങനെയാണ് എന്തിനാണ് എസ്.എം.എസ് അയച്ചതെന്നൊന്നും അറിഞ്ഞൂട...

പക്ഷെ, ഫോണെടുത്തവരൊന്നും പരീക്ഷയില്‍ സഹായിച്ചുവെന്ന് സമ്മതിക്കുന്നില്ല. ഇവര്‍ അറിയാതെ പ്രതികള്‍ ഈ നമ്പരുകള്‍ ഉപയോഗിക്കുകയായിരുന്നോ എന്നും വ്യക്തമല്ല. ഇതിനെക്കാള്‍ ദുരൂഹമാണ് എങ്ങനെ ചോദ്യക്കടലാസ് മറുതലയ്ക്കല്‍ സഹായിക്കാന്‍ നില്‍കുന്നവര്‍ക്ക് എത്തിച്ചതെന്ന്.

പരീക്ഷാ ഹാളിലുണ്ടായിരുന്ന മറ്റ് ഉദ്യോഗാര്‍ഥികളാരും പ്രതികളുടെ നീക്കങ്ങളില്‍ അസ്വാഭാവികമായി ഒന്നും കണ്ടതായി മൊഴി നല്‍കിയില്ല എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ഏതായാലും കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണ വിവരങ്ങള്‍. പ്രതികള്‍ക്കെതിരെ തട്ടിപ്പ്, ഗൂഢാലോചന, ഐ.ടി നിയമത്തിലെ വകുപ്പുകളും ചുമത്തി കേസെടുക്കാനാണ് പി.എസ്.സി പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.