LiveTV

Live

Kerala

അമ്പലവയലില്‍ ദമ്പതികളെ മര്‍ദ്ദിച്ച കേസിൽ മുഖ്യപ്രതി സജീവാനന്ദൻ പൊലീസ് പിടിയിൽ

കർണാടകയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ മധൂറിലെ കൃഷിയിടത്തിൽ വച്ചാണ് പൊലീസ് പിടികൂടിയത്

 അമ്പലവയലില്‍ ദമ്പതികളെ മര്‍ദ്ദിച്ച കേസിൽ മുഖ്യപ്രതി സജീവാനന്ദൻ പൊലീസ് പിടിയിൽ

വയനാട് അമ്പലവയലില്‍ ദമ്പതികളെ മര്‍ദ്ദിച്ച കേസിൽ മുഖ്യപ്രതി സജീവാനന്ദൻ പൊലീസ് പിടിയിൽ. കർണാടകയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ മധൂറിലെ കൃഷിയിടത്തിൽ വച്ചാണ് പൊലീസ് പിടികൂടിയത്.

അമ്പലവയൽ പൊലീസ് സ്റ്റേഷന് അടുത്ത് നടുറോഡിൽ വെച്ച് തമിഴ് യുവതിയെയും യുവാവിനെയും ക്രൂരമായി മർദ്ദിക്കുകയും യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ മുഖ്യ പ്രതിയാണ് പിടിയിലായ സജീവാനന്ദൻ. സംഭവശേഷം കർണാടകയിലേക്ക് കടന്ന ഇയാൾ രണ്ടാഴ്ചയിലധികമായി ഒളിവിലായിരുന്നു. മധൂറിലെ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിൽ ജോലി ചെയ്തുവരികയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

മാനന്തവാടി എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയുമായി അന്വേഷണ സംഘം അമ്പലവയലിലേക്കു പുറപ്പെട്ടിട്ടുണ്ട്. സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. കേസിലെ രണ്ടാം പ്രതി തിരുവനന്തപുരം സ്വദേശി കുമാറിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരാൾ കൂടി ഇനിയും പിടിയിലാകാനുണ്ട്. മർദ്ദനത്തിന് ഇരയായ യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മാനഭംഗശ്രമം അടക്കമുള്ള കേസുകൾ കൂടി പൊലീസ് ചുമത്തിയിരുന്നു . സജീവാനന്ദന്റെ ജാമ്യാപേക്ഷ കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്.

Also read: അമ്പലവയല്‍ മര്‍ദ്ദനക്കേസില്‍ കുരുക്ക് മുറുക്കി പൊലീസ്

Also read: സദാചാര പൊലീസിങ് അപലപനീയം; അമ്പലവയല്‍ വിഷയത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് വനിതാ കമ്മീഷൻ