LiveTV

Live

Kerala

രാജ്കുമാറിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ ‍ഹൈക്കോടതിയില്‍

രാജ്കുമാറിന് നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. കേസിലെ മുഖ്യപ്രതി എസ്.ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്

രാജ്കുമാറിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ ‍ഹൈക്കോടതിയില്‍

നെടുങ്കണ്ടത്ത് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ ‍ഹൈക്കോടതിയില്‍. രാജ്കുമാറിന് നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. കേസിലെ മുഖ്യപ്രതി എസ്.ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കസ്റ്റഡി കൊലക്കേസിലെ എല്ലാ മെഡിക്കൽ രേഖകളും വ്യാഴാഴ്ചക്കകം ഹാജരാക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി.

കസ്റ്റഡി മരണക്കേസിലെ പ്രതിയായ എസ്.ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സർക്കാർ പോലീസിനെതിരെ കോടതിയിൽ നിലപാടെടുത്തത്. രാജ് കുമാറിനെ അതിക്രൂരമായി കാലുകളിൽ മർദ്ദിച്ചുവെന്നും ഇയാൾക്ക് നടക്കാൻ പോലും സാധിക്കാത്ത അവസ്ഥ ആയിരുന്നുവെന്നുമാണ് സർക്കാരിന് വേണ്ടി ഹാജരായ എ.ഡി.ജി.പി കോടതിയിൽ അറിയിച്ചത്. തുടർന്നാണ് മുഴുവൻ മെഡിക്കൽ രേഖകളും ഹാജരാക്കാനും മജിസ്‌ട്രറ്റിന്റെ മുൻപിൽ വന്ന നടപടികളുടെ വിശദാംശങ്ങൾ അറിയിക്കണമെന്നും കോടതി നിർദേശം നൽകിയത്.

നെടുങ്കണ്ടം പൊലിസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന സാബുവും രണ്ടാം പ്രതി എ.എസ്.ഐയും നാലാം പ്രതി പൊലീസ് ഡ്രൈവറും ചേര്‍ന്നു അന്യായമായി രാജ്കുമാറിനെ തടങ്കലില്‍ വച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യുഷന്‍ കേസ്. രാജ്കുമാര്‍ കസ്റ്റിയിലുള്ള സമയത്തു സാബു സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ലെന്നും ആരോപണം ശരിയല്ലെന്നുമാണ് എസ്.ഐ ജാമ്യാപേക്ഷയില്‍ പറയുന്നത്. മജിസ്‌ട്രേറ്റിനു മുന്‍പില്‍ കസ്റ്റഡി മര്‍ദ്ദനത്തെ സംബന്ധിച്ചു യാതൊരു പരാതിയും നല്‍കിയിട്ടില്ലെന്നും താന്‍ നിരപരാധിയാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

Also read: നെടുങ്കണ്ടം കസ്റ്റഡി മരണം; റീപോസ്റ്റുമോർട്ടത്തിൽ നിർണായക വഴിത്തിരിവ്

Also read: നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്.പിയുടെയും ഡി.വൈ.എസ്.പിയുടെയും പങ്ക് അന്വേഷിക്കണമെന്ന് കോടതി