LiveTV

Live

Kerala

കേന്ദ്രത്തിന്റെ ജനവിരുദ്ധ നിയമനിര്‍മ്മാണങ്ങള്‍ക്കെതിരെ മുസ്‌ലിംലീഗ് രാജ്യവ്യാപക പ്രക്ഷോഭത്തിന്

ജമ്മുകാശ്മീരിന് സംഭവിച്ചത് നാളെ മറ്റേത് സംസ്ഥാനങ്ങള്‍ക്കും സംഭവിച്ചേക്കാം. അതിനാല്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്ന് വരണം

കേന്ദ്രത്തിന്റെ ജനവിരുദ്ധ നിയമനിര്‍മ്മാണങ്ങള്‍ക്കെതിരെ മുസ്‌ലിംലീഗ് രാജ്യവ്യാപക പ്രക്ഷോഭത്തിന്

രണ്ടാം മോദി സര്‍ക്കാറിന്റെ ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ നിയമനിര്‍മ്മാണങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ മുസ്‌ലിംലീഗ്് തീരുമാനം. ദേശീയ കമ്മറ്റി തീരുമാനം മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് പ്രഖ്യാപിച്ചത്.

എതിര്‍സ്വരങ്ങളെ അധികാരത്തിന്റെ ബലത്തില്‍ ഇല്ലാതാക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നതെങ്കില്‍ അത്തരം നീക്കങ്ങള്‍ക്കെതിരെ രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ വിശ്വാസികള്‍ ഒറ്റക്കെട്ടായി രംഗത്ത് വരുമെന്ന് ഡല്‍ഹിയില്‍ ദേശീയ കമ്മറ്റി തീരുമാനങ്ങള്‍ വിശദികരിച്ച് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാന കേന്ദ്രങ്ങളില്‍ പാര്‍ട്ടി പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കും. അതിന് പുറമെ മറ്റ് പ്രതിഷേധ പരിപാടികള്‍ അതത് സംസ്ഥാനഘടകങ്ങള്‍ കൂടിയാലോച്ചിച്ച് നടപ്പാക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യത്തെ അട്ടിമറിക്കുന്ന സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ നിരന്തര പ്രക്ഷോഭങ്ങളും ബോധവല്‍ക്കരണവും അത്യാവശ്യമാണന്നും മുസ്‌ലിംലീഗ് ദേശീയ കമ്മറ്റി വിലയിരുത്തി. ജമ്മുകാശ്മീരിനെ രണ്ടായി വിഭജിച്ച് സംസ്ഥാനത്തിന്റെ പ്രത്യേകപദവി എടുത്ത് കളഞ്ഞത് ഭരണഘടനാവിരുദ്ധവും ഫെഡറല്‍ സംവിധാനങ്ങളോടുള്ള വെല്ലുവിളിയുമാണ്. യാതൊരു കൂടിയാലോചനകളുമില്ലാതെ ഒരു സംസ്ഥാനത്തിന്റെ പൂര്‍ണ്ണസംസ്ഥാന പദവി എടുത്ത് കളയുകയും രണ്ടായി വിഭജിച്ച് കേന്ദ്രഭരണപ്രദേശമാക്കി മാറ്റുകയും ചെയ്തിരിക്കുന്നത്.

ജമ്മുകാശ്മീരിന് സംഭവിച്ചത് നാളെ മറ്റേത് സംസ്ഥാനങ്ങള്‍ക്കും സംഭവിച്ചേക്കാം. അതിനാല്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്ന് വരണം. എല്ലാ ജനാധിപത്യ-മതനിരപേക്ഷ കക്ഷികളും സര്‍ക്കാറിന്റെ ജനവിരുദ്ധ-ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മുസ്‌ലിംലീഗ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.