LiveTV

Live

Kerala

സിവിൽ പൊലീസ് ഓഫീസർ കുമാറിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

പാലക്കാടെത്തിയ ക്രൈം ബ്രാഞ്ച് ഐ.ജി ഗോപേഷ് അഗർവാൾ കുമാറിന്റെ ഭാര്യ സജിനിയെ സന്ദർശിച്ചു

സിവിൽ പൊലീസ് ഓഫീസർ കുമാറിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

പാലക്കാട് കല്ലേക്കാട് എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ കുമാറിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ടിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പാലക്കാടെത്തിയ ക്രൈം ബ്രാഞ്ച് ഐ.ജി ഗോപേഷ് അഗർവാൾ കുമാറിന്റെ ഭാര്യ സജിനിയെ സന്ദർശിച്ചു.

കുമാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ജാതിവിവേചനവും ഉദ്യോഗസ്ഥ പീഡനവും നേരിട്ടതായും ബന്ധുക്കൾ പരാതി നൽകിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പാലക്കാട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ദേവദാസിനാണ് അന്വേഷണ ചുമതല. കേസ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഐ.ജി ഗോപേഷ് അഗർവാൾ പാലക്കാടെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കേസ് തുടക്കത്തിലന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ച് സംഘം, ഡി.സി.ആർ.ബി, ഡി.വൈ.എസ്.പി എന്നിവരിൽ നിന്നും വിവരങ്ങൾ തേടി. കുമാറിന്റെ മൃതദേഹം കണ്ടെത്തിയ ലക്കിടിയിലും ഐ.ജി സന്ദർശിച്ചു. തുടർന്ന് കുമാറിന്റെ ഭാര്യ സജിനിയിൽ നിന്നും വിവരങ്ങൾ തേടി.

ക്യാമ്പിൽ കുമാറിനെ അപായപ്പെടുത്താൻ ശ്രമം നടന്നിരുന്നെന്നും കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും കുമാറിന്റെ ഭാര്യ ക്രൈംബ്രാ‍ഞ്ച് സംഘത്തോട് പറഞ്ഞു. സംഭവത്തിൽ സസ്പെപെൻഷനിലായ ഏഴു പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ജാതി വിവേചനം സംബന്ധിച്ച് തെളിവുകൾ ലഭിച്ചില്ലെന്നാണ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഉൾപ്പടെ ക്രൈംബ്രാഞ്ച് അന്വേഷിയ്ക്കും.