LiveTV

Live

Kerala

കരിഞ്ചോല മലയിലെ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായവര്‍ക്ക് കൈത്താങ്ങായി സന്നദ്ധ സംഘടനകള്‍

ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള സമഗ്ര പദ്ധതിക്കാണ് വിവിധ സംഘടനകള്‍ നേതൃത്വം നല്‍കുന്നത്.

കരിഞ്ചോല മലയിലെ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായവര്‍ക്ക് കൈത്താങ്ങായി സന്നദ്ധ സംഘടനകള്‍

കഴിഞ്ഞ വര്‍ഷം കോഴിക്കോട് കരിഞ്ചോല മലയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ എല്ലാം നഷ്ടമായവര്‍ക്ക് കൈത്താങ്ങാവുകയാണ് സന്നദ്ധ സംഘടനകള്‍. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള സമഗ്ര പദ്ധതിക്കാണ് വിവിധ സംഘടനകള്‍ നേതൃത്വം നല്‍കുന്നത്. അധികം വൈകാതെ ദുരന്തബാധിതരെ പൂര്‍ണമായും പുനരധിവസിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇവര്‍.

കണ്ണടച്ചു തുറക്കും മുമ്പേ എല്ലാം നഷ്ടമായ കരിഞ്ചോലമലക്കാരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സന്നദ്ധ സംഘടനകളും മതസംഘടനകളും. ഉരുള്‍ പൊട്ടലില്‍ വീടുകള്‍ പൂര്‍ണമായും തകര്‍ന്നവര്‍ക്കാണ് സര്‍ക്കാരിന്‍റെ സഹായം. പക്ഷേ ഭാഗികമായി വീടുകള്‍ തകര്‍ന്നവരെ പുനരധിവസിപ്പിക്കുകയെന്ന വെല്ലുവിളി പല സംഘടനകളും ഏറ്റെടുത്തു. ജമാ അത്തെ ഇസ്‍ലാമിയുടെ കനിവ് പദ്ധതിയില്‍ പെടുത്തി പീപ്പിള്‍സ് ഫൌണ്ടേഷന്‍ എട്ടു വീടുകളാണ് നിര്‍മിച്ച് നല്‍കുന്നത്. രണ്ട് വീടുകള്‍ കൈമാറി കഴിഞ്ഞു.

എന്‍.എസ്.എസും സ്കൌട്ട് ആന്‍റ് ഗൈഡ്സും കനിവിന്‍റെ ഭൂമിയില്‍ തന്നെ മൂന്ന് വീടുകള്‍ നിര്‍മിക്കുന്നുണ്ട്. കേരളാ മുസ്‍ലിം ജമാ അത്ത് എട്ടു വീടുകളാണ് നിര്‍മിച്ച് നല്‍കുന്നത്. മൂന്നു വീടുകള്‍ കൈമാറി. മുസ്‍ലിം ലീഗ് നാല് വീടുകളും സമസ്ത ഒരു വീടും ദുരന്തബാധിതര്‍ക്കായി നിര്‍മിച്ച് നല്‍‍കുന്നുണ്ട്. ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ഇവരെല്ലാം ചേര്‍ന്ന് ദുരന്തബാധിതരെ ഒപ്പം നടത്തുക കൂടിയാണ് കരിഞ്ചോലമലയില്‍.