LiveTV

Live

Kerala

ഏലക്ക വില റെക്കോഡിലെത്തിയതോടെ മോഷണ സംഘങ്ങള്‍ സജീവം

കര്‍ഷകരുടെ നേതൃത്വത്തില്‍ ഏലത്തോട്ടങ്ങളില്‍ കാവല്‍ ഏര്‍പ്പെടുത്തി തുടങ്ങി.

ഏലക്ക വില റെക്കോഡിലെത്തിയതോടെ മോഷണ സംഘങ്ങള്‍ സജീവം

ഏലക്ക വില റെക്കോഡിലെത്തിയതോടെ ഇടുക്കിയുടെ ഹൈറേഞ്ച് പ്രദേശങ്ങളില്‍ ഏലക്ക മോഷണ സംഘങ്ങളും സജീവമാകുന്നു. കര്‍ഷകരുടെ നേതൃത്വത്തില്‍ ഏലത്തോട്ടങ്ങളില്‍ കാവല്‍ ഏര്‍പ്പെടുത്തി തുടങ്ങി. പരിചയം ഇല്ലാത്തവര്‍ ഏലക്ക കച്ചവടത്തിനായി എത്തിയാല്‍ തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെ ബോധ്യപ്പെട്ട ശേഷം മാത്രം കച്ചവടം നടത്താവൂയെന്ന് പൊലീസും മുന്നറിയിപ്പ് നല്‍കുന്നു.

ഉല്‍പാദനകുറവും കീടബാധയും മൂലം പ്രതിസന്ധിയിലായിരുന്ന കര്‍ഷകര്‍ക്ക് വലിയ ആശ്വസമാണ് ഇപ്പോള്‍ ഏലം വില നല്‍കുന്നത്. നാലായിരം രൂപ വരെ ഉയര്‍ന്ന് റെക്കോര്‍ഡിലാണ് ഒരു കിലോ ഏലക്കായുടെ വില. ഇതോടെ ഹൈറേഞ്ചിലെ ഏലക്കാടുകളിലും ഏലം കച്ചവട സ്ഥാപനങ്ങളിലും മോഷണശ്രമങ്ങള്‍ പെരുകിവരികയാണ്. സേനാപതി പഞ്ചായത്തിലടക്കം ഏലചെടികള്‍ അപ്പാടെ മോഷ്ടിച്ച സംഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായി. ഇതോടെ തോട്ടങ്ങളില്‍ ശക്തമായ കാവലാണ് കര്‍ഷകര്‍ ഏര്‍പ്പെടുത്തിവരുന്നത്.

മോഷണം തടയുന്നതിന് മുന്‍കരുതലുകള്‍ സ്വീകരിച്ച് പൊലീസും കര്‍ഷകര്‍ക്കൊപ്പമുണ്ട്. കര്‍ഷകരുടെയും കച്ചവടക്കാരുടെയും യോഗങ്ങള്‍ പൊലീസ് വിളിച്ചു ചേര്‍ത്തു. സി.സി.ടി.വി ക്യാമറകള്‍ അടക്കം സ്ഥാപിക്കണമെന്നും പരിചയമില്ലാത്തവരുമായി കച്ചവടത്തില്‍ ഏര്‍പ്പെടുമ്പോള്‍ മുന്‍കരുതലുണ്ടാകണമെന്നും പൊലീസ് നിര്‍ദ്ദേശിക്കുന്നു. ഏലയ്ക്കാ വിളവെടുപ്പ് സീസണ്‍ ആരംഭിച്ചതോടെ തമിഴ്നാട് അടക്കമുള്ള അന്യസംസ്ഥാനത്തു നിന്ന് മോഷണസംഘങ്ങള്‍ എത്താനുള്ള സാധ്യതയും പൊലീസ് മുന്‍കൂട്ടി കാണുന്നു.