LiveTV

Live

Kerala

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന കേസില്‍ ശ്രീറാമിന് സസ്‌പെന്‍ഷന്‍

കൊലപാതക കേസില്‍ ഉള്‍പ്പെട്ട് കേരളത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലാകുന്നത് ആദ്യമാണെന്നാണ് വിവരം

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന കേസില്‍ ശ്രീറാമിന് സസ്‌പെന്‍ഷന്‍

കൊലക്കേസ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അപകടം നടന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി പുറത്ത് വന്നു. ശ്രീറാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റിയിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിന് കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവ ഐ.എ.എസ് ഓഫീസറായ ശ്രീറാം വെങ്കിട്ടരാമനെ ശനിയാഴ്ച വൈകിട്ടാണ് അറസ്റ്റ് ചെയ്തത്. രാത്രിയോടെ ഇയാളെ റിമാന്‍ഡ് ചെയ്തു. എന്നാല്‍ ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ വൈകിയതിനെതിരെ പല കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഇയാളെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

Also read: ശ്രീറാം വെങ്കിട്ടരാമന്‍ സ്വമേധയാ രാജിവെച്ച് ശിക്ഷ ഏറ്റുവാങ്ങണമെന്ന് ഇ.പി ജയരാജന്‍

Also read: മാധ്യമപ്രവര്‍ത്തകനെ കാറിടിപ്പിച്ച് കൊന്ന സംഭവം: തെറ്റ് ചെയ്തിട്ടില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍

കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സാഹചര്യം ഗൗരവമായി കണക്കിലെടുത്ത് സര്‍്വവീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്. സസ്‌പെന്‍ഷന്‍ കാലാവധി ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം, വിവേചനാധികാരം ഉപയോഗിച്ചുള്ള സസ്‌പെന്‍ഷന്‍ നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതിനിടെ അപകടം നടന്ന സമയത്ത് ശ്രീറാമിനൊപ്പം ഉണ്ടായിരുന്ന വഫ ഫിറോസിന്റെ രഹസ്യമൊഴി പുറത്ത് വന്നു. അപകടം നടന്ന സമയത്ത് ശ്രീരാം മദ്യപിച്ചിരുന്നുവെന്നും, ശ്രീരാം കവടിയാര്‍ ഭാഗത്ത് നിന്നാണ് കാറില്‍ കയറിയതെന്നും മൊഴിയില്‍ പറയുന്നുണ്ട്. നിര്‍ബന്ധിച്ചാണ് തന്നില്‍ നിന്ന് കാര്‍ വാങ്ങി ഡ്രൈവ് ചെയ്തത്. അമിത വേഗത ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ശ്രീറാം അത് ചെയ്തില്ലെന്നും മൊഴിയില്‍ പറയുന്നുണ്ട്.

അതിനിടെ ശ്രീറാമിന്റെ രക്തസാമ്പിള്‍ പരിശോധന റിപ്പോര്‍ട്ട് തിരുവനന്തപുരത്തെ കെമിക്കല്‍ ലാബ് അധികൃതര്‍ പൊലീസിന് കൈമാറി. ശ്രീറാമിന്റെ ശരീരത്ത് മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊലീസ് കസ്റ്റഡിയില്‍ എടുത്ത് 9 മണിക്കൂറിന് ശേഷം രക്ത സാമ്പിള്‍ എടുത്തത് കൊണ്ട് പരിശോധന ഫലം നെഗറ്റീവ് ആയതെന്നാണ് വിലയിരുത്തല്‍.

കേസ് പൊലീസ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നതിന്റെ മറ്റൊരു തെളിവ് കൂടിയാണ് പരിശോധന ഫലം. ശ്രീറാമിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് സി.ജെ.എം കോടതി നാളെത്തേക്കു മാറ്റി. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ അപേക്ഷയും നാളെ കോടതിയുടെ പരിഗണനക്ക് വരും.