LiveTV

Live

Kerala

ശ്രീറാമിന് ബാഹ്യപരിക്കുകളില്ല, മാനസിക സമ്മര്‍ദമുള്ളതിനാല്‍ 72 മണിക്കൂര്‍ നിരീക്ഷണത്തില്‍ വെയ്ക്കും

ആന്തരിക പരിക്കുകള്‍ ഉണ്ടോ എന്ന് അറിയാന്‍ സ്‌കാനിങ് ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ അടുത്ത മെഡിക്കല്‍ ബോര്‍ഡ് യോഗം വരെ ഐ.സി.യുവില്‍ തുടരും

ശ്രീറാമിന് ബാഹ്യപരിക്കുകളില്ല, മാനസിക സമ്മര്‍ദമുള്ളതിനാല്‍ 72 മണിക്കൂര്‍ നിരീക്ഷണത്തില്‍ വെയ്ക്കും

കൊലക്കേസ് പ്രതി ശ്രീറാം വെങ്കിട്ടരാമന് കാര്യമായ ബാഹ്യപരിക്കുകളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായതിനാല്‍ അടുത്ത 72 മണിക്കൂര്‍ ശ്രീറാമിനെ നിരീക്ഷണത്തില്‍ വെയ്ക്കാനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. മെഡിക്കല്‍ കൊളേജിലെ സെല്ലില്‍ നിന്ന് ട്രോമ ഐ.സി.യുവിലേക്ക് ശ്രീറാമിനെ മാറ്റിയതിനെ പത്രപ്രവര്‍ത്തക യൂണിയിന്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. ശ്രീറാമിന് പ്രത്യേക പരിഗണന നല്‍കേണ്ട ആവശ്യമില്ലെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. മാധ്യമവാര്‍ത്തകള്‍ തെളിവായി കണ്ട് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടു.

തിരുവനന്തപുരം ഫൈവ് സ്റ്റാര്‍ ആശുപത്രിയില്‍ നിന്ന് ഇന്നലെ രാത്രിയോട് കൂടി മെഡിക്കല്‍ കൊളജിലേക്ക് മാറ്റിയെങ്കിലും ശ്രീറാം വെങ്കിട്ടരാമന്റെ സുഖവാസം അവസാനിച്ചിരുന്നില്ല. രാത്രി വൈകി ശസ്ത്രകിയ വിഭാഗത്തിന്റെ ഐ.സി.യുവിലേക്ക് മാറ്റിയ ശ്രീറാമിനെ രാവിലെ ട്രോമ ഐ.സി.യുവിലേക്ക് മാറ്റി. ഇതിന് പിന്നാലെ തന്നെ പത്രപ്രവര്‍ത്തക യൂണിയന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ കണ്ട് ശ്രീറാമിന് വഴിവിട്ട് സഹായം നല്‍കുന്നത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ശ്രീറാമിന്റെ ആരോഗ്യനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് ചേരാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

മന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കൊളജ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അഞ്ച് പേരുടെ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ആര്‍.എം.ഒ, ന്യൂറോ, ഓര്‍ത്തോ മേധാവിമാര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ശ്രീറാമിന്റെ ആരോഗ്യനില വിലയിരുത്തി. ശ്രീറാം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനം.

കാര്യമായ ബാഹ്യ പരിക്കുകള്‍ ശ്രീറാമിനില്ല. ആന്തരിക പരിക്കുകള്‍ ഉണ്ടോ എന്ന് അറിയാന്‍ സ്‌കാനിങ് ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ അടുത്ത മെഡിക്കല്‍ ബോര്‍ഡ് യോഗം വരെ ഐ.സി.യുവില്‍ തുടരും. ശ്രീറാം ഡയാലിസിസ് വിധേയനായതായി സൂചനയില്ലെന്നും മെഡിക്കല്‍ ബോര്‍ഡിലെ ഒരംഗം പറഞ്ഞു. അതിനിടെ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. മാധ്യമവാര്‍ത്തകള്‍ തെളിവായി കണ്ട് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടു.