LiveTV

Live

Kerala

ശ്രീറാം വെങ്കിട്ടറാമിന് റിമാന്റിലും പൊലീസ് സഹായം

ശ്രീറാം വെങ്കിട്ടറാമിന് റിമാന്റിലും പൊലീസ് സഹായം

മാധ്യമ പ്രവര്‍ത്തകനെ വാഹനമിടിച്ച് കൊന്ന കേസില്‍ അറസ്റ്റിലായ ശ്രീറാം വെങ്കിട്ട റാമിന് റിമാന്റിലും പൊലീസ് സഹായം. മെഡിക്കല്‍ കൊളേജിലെ സെല്ലില്‍ നിന്ന് മള്‍ട്ടിസ്പെഷ്യാലിറ്റി സെല്ലിലേക്ക് ശ്രീറാമിനെ മാറ്റി. ആരോഗ്യനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. മാധ്യമവാര്‍ത്തകള്‍ തെളിവായെടുത്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം ഫൈവ് സ്റ്റാര്‍ ആശുപത്രിയില്‍ നിന്ന് ഇന്നലെ രാത്രിയോട് കൂടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ശ്രീറാം വെങ്കിട്ടരാമന്‍റെ സുഖവാസം അവസാനിച്ചിരുന്നില്ല. രാത്രി വൈകി ശസ്ത്രകിയ വിഭാഗത്തിന്‍റെ ഐസിയുവിലേക്ക് മാറ്റിയ ശ്രീറാമിനെ രാവിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ഐസിയുവിലേക്ക് മാറ്റി. എന്നാല്‍ ശ്രീറാമിന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ എന്ത് എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ കൃത്യമായ വിവരം പുറത്ത് വിട്ടതുമില്ല. ഇതിന് പിന്നാലെ തന്നെ പത്രപ്രവര്‍ത്തക യൂണിയന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ കണ്ട് ശ്രീറാമിന് വഴിവിട്ട് സഹായം നല്‍കുന്നത് പരിശോധിക്കണമെന്നാവശ്യപ്പെട്ടു.

ഇതോടെ ശ്രീറാമിന്‍റെ ആരോഗ്യനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് ചേരാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മന്ത്രിയുടെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ അഞ്ച് പേരുടെ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ആര്‍.എം.ഓ, ന്യൂറോ, ഓര്‍ത്തോ മേധാവിമാര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം പുരോഗമിക്കുകയാണ്. ഇവരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടി സ്വീകരിക്കുന്നത്. അതിനിടെ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. മാധ്യമവാര്‍ത്തകള്‍ തെളിവായി കണ്ട് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടു. നിതീബോധം കാണിക്കാന്‍ ശ്രീറാം തയ്യാറായില്ലെന്ന് സര്‍ക്കാര്‍ വിട്ട് വീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി എംഎം മണിയും പ്രതികരിച്ചു.