LiveTV

Live

Kerala

ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ് പ്രത്യേക സംഘം അന്വേഷിക്കും

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ വഴിവിട്ട് സഹായിച്ച എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു

ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ് പ്രത്യേക സംഘം അന്വേഷിക്കും

ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് പ്രത്യേകസംഘം അന്വേഷിക്കും. എ.ഡി.ജി.പി ദര്‍വേശ് സാഹിബിന്റെ നേതൃത്വത്തിലാണ് സംഘം. നടപടികളില്‍ വീഴ്ച വരുത്തിയ മ്യൂസിയം എസ്.ഐ ജയപ്രകാശിനെ ഡി.ജി.പി സസ്‌പെന്‍ഡ് ചെയ്തു. അതേസമയം നടപടികള്‍ സി.ഐ അറിഞ്ഞാണെന്ന വിശദീകരണമാണ് എസ്.ഐ കമ്മീഷണര്‍ക്ക് നല്‍കിയത്.

മാധ്യമ പ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ വീഴ്ചകള്‍ പുറത്തുവരികയും കേസന്വേഷണം മ്യൂസിയം പൊലീസില്‍ നിന്ന് മാറ്റണമെന്ന് കൊല്ലപ്പെട്ട ബഷീറിന്റെ ബന്ധുക്കളും മാധ്യമ സമൂഹവും ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ പൊലീസ് നിയോഗിച്ചത്.

ക്രമസമാധാന ചുമതലുള്ള എ.ഡി.ജി.പി ദര്‍വേശ് സാഹിബ് നയിക്കുന്ന അഞ്ചംഗം സംഘമാകും അന്വേഷണം നടത്തുക. എസ്.പി ഷാനവാസ്, അസി. കമ്മീഷണര്‍ ഷീന്‍ തറയില്‍, സി.ഐമാരായ സുരേഷ് ബാബു, അജി ചന്ദ്രന്‍ എന്നിവരാണ് മറ്റംഗങ്ങള്‍.

ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന വൈകിപ്പിക്കുകയും എഫ്.ഐ.ആര്‍ ഇടാന്‍ വൈകുകയും ചെയ്തതില്‍ മ്യൂസിയം സ്‌റ്റേഷന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിരുന്നു. ഇത് പരിഗണിച്ച് അപകടസമയത്ത് സ്ഥലത്തെത്തിയ എസ്.ഐ ജയപ്രകാശിനെ സസ്‌പെന്‍ഡ് ചെയ്യാനും ഡി.ജി.പി തീരുമാനിച്ചു.

അതേസമയം അപകടം നടന്ന സമയം തന്നെ കാര്യങ്ങള്‍ സി.ഐയെ അറിയിച്ചിരുന്നു എന്നാണ് എസ്.ഐ കമ്മീഷണര്‍ക്ക് നല്‍കിയ വിശദീകരണം. സി.ഐ പറഞ്ഞതനുസരിച്ചാണ് എഫ്.ഐ.ആര്‍ ഇടുന്നതുള്‍പ്പെടെ രാവിലെ ആക്കിയെന്നും എസ്.ഐ വിശദീകരിക്കുന്നുണ്ട്. എസ്.ഐ സസ്‌പെന്‍ഷനിലായ സാഹചര്യത്തില്‍ സി.ഐയുടെ ഇടപെടല്‍ കൂടുതല്‍ ചര്‍ച്ചയാകും.